തിരുവനന്തപുരം:ഇസ്രയേൽ യുദ്ധത്തിനിടെ ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച പ്രസ്‌താവന ശശി തരൂർ തന്നെ തിരുത്തിയതാണെന്നും ഹമാസിനെ ഭീകര സംഘടനയായി കാണുന്നത് പാശ്ചാത്യ മാധ്യമങ്ങളും സയണിസ്‌റ്റുകൾ ആണെന്നും ഹമാസിന്‍റേത് പ്രത്യാക്രമണം ആയിട്ടാണ് താൻ കാണുന്നതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ (MM Hasan On Shashi Tharoor Controversial speech).
ഹമാസ് ഒരു പ്രതിരോധ സേനയാണ്. മോദിയുടെയും നെതന്യാഹുവിന്‍റെയും ശബ്‌ദം ഒരുപോലെയാണ്. യുഡിഎഫിന് ഒരു ആശങ്കയുമില്ല. കോൺഗ്രസ് എല്ലാ കാലത്തും നിലകൊണ്ടത് പലസ്‌തീനൊപ്പമാണ്. പണ്ട് മുതലേ അതാണ് പാർട്ടി നയം. പലസ്‌തീൻ അനുകൂല ലീഗിന്‍റെ റാലിയിൽ തന്നെ ക്ഷണിക്കാത്തതിൽ പരാതിയില്ലെന്നും എംഎം ഹസ്സൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ജനസദസ്സിനെതിരെയും കേരളീയം പരിപാടിക്കെതിരെയും രൂക്ഷവിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. നികുതി കൊള്ളയാണ് നടക്കുന്നത്. പിണറായി വിജയന്‍റെ ബസ് യാത്രയും നരേന്ദ്ര മോദിയുടെ രഥ യാത്രയും അഴിമതി പ്രചാരണ യാത്രകളാണ്. നികുതി പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. സെക്രട്ടേറിയറ്റിനു അവധി കൊടുത്താണ് ജനസദസ്സ് സംഘടിപ്പിക്കുന്നത്.
പരിപാടിക്ക് പണം പിരിക്കുന്നത് ഉദ്യോഗസ്ഥർ ആണ്. പല മാഫിയകളിൽ നിന്നും പണം പിരിക്കുന്നു. ഈ പിരിവ് നികുതി പിരിവിനെ ബാധിക്കും. ജനസദസിന് വേണ്ടിയുള്ള ഈ പിരിവ് മറ്റൊരു അഴിമതിക്ക് കളമൊരുക്കുമെന്നും ഹസൻ ആരോപിച്ചു. കേരളീയം ആഘോഷം കൊണ്ട് തലസ്ഥാന നഗരവാസികൾക്ക് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളീയം പരിപാടി ധൂർത്ത് ആണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പോലും നൽകാതെയാണ് കോടികൾ മുടക്കി കേരളീയം പരിപാടി നടത്തുന്നത്.