കേരളം

kerala

ETV Bharat / state

'പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചിട്ടില്ല, നടക്കുന്നത് കള്ള പ്രചരണം': സംഘര്‍ഷത്തില്‍ പ്രതികരിച്ച് എച്ച് സലാമും സച്ചിന്‍ ദേവും - വി ഡി സതീശന്‍

കഴിഞ്ഞ ദിവസം സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ ദേവ് എന്നിവര്‍. തങ്ങള്‍ പ്രതിപക്ഷ എംഎല്‍എമാരെ ആക്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് എതിരെ സംസാരിച്ചതില്‍ തങ്ങളെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ഇരുവരും ആരോപിച്ചു

H Salam and Sachin Dev on speaker office conflict  MLAs H Salam and Sachin Dev  speaker office conflict  H Salam  Sachin Dev  എച്ച് സലാമും സച്ചിന്‍ ദേവും  എച്ച് സലാം  സച്ചിന്‍ ദേവ്  എംഎല്‍എ  കെ കെ രമ  വി ഡി സതീശന്‍  വാച്ച് ആന്‍റ് വാർഡൻമാർ
പ്രതികരണവുമായി എച്ച് സലാമും സച്ചിന്‍ ദേവും

By

Published : Mar 17, 2023, 1:43 PM IST

പ്രതികരണവുമായി എച്ച് സലാമും സച്ചിന്‍ ദേവും

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരെ ആക്രമിച്ചിട്ടില്ലെന്നും കള്ള പ്രചരണമാണ് നടത്തുന്നതെന്നും എംഎല്‍എമാരായ എച്ച് സലാം, സച്ചിൻ ദേവ് എന്നിവര്‍. പ്രതിപക്ഷം കള്ളത്തരം പ്രചരിപ്പിച്ച് ചെയ്‌ത ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്നു എന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ മറുപടിയും ആശുപത്രിയിൽ പോകുന്നതിനു മുമ്പ് കെകെ രമ മാധ്യമങ്ങളോട് പറഞ്ഞതും കള്ളത്തരങ്ങളെ പൊളിക്കുന്നതാണ്. സഭയിൽ നടക്കുന്നത് അപലപനീയമായ കാര്യമാണെന്നും എച്ച് സലാം പറഞ്ഞു.

നിയമസഭയിൽ സംഘർഷം നടന്നപ്പോൾ സച്ചിൻ ദേവ് എംഎൽഎ അടക്കം തങ്ങളെ ആക്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചതിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും. സഭയിൽ സംഘർഷം ഉണ്ടായ ദിവസം ആശുപത്രിയിൽ പോകുന്നതിനു മുമ്പ് കെകെ രമ മാധ്യമങ്ങളെ കണ്ടപ്പോൾ സനീഷ് എംഎൽഎയെ ചവിട്ടിയോ എന്ന് ചോദിക്കുമ്പോൾ കണ്ടിട്ടില്ലെന്നും തനിക്ക് പരിക്കേറ്റത് വാച്ച് ആന്‍റ് വാർഡൻമാർ തള്ളി മാറ്റിയപ്പോഴാണെന്നും കെകെ രമ പറഞ്ഞ വീഡിയോ ദൃശ്യവും സലാം എംഎൽഎ കാണിച്ചു.

കെ സുധാകരൻ മുഖ്യമന്ത്രിയെ നീചമായ വാക്കാണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഇത്തരത്തിലുള്ള സംസ്‌കാരം പിന്തുടരുകയാണെങ്കിൽ കോൺഗ്രസ് അനുഭാവികൾ പോലും കോൺഗ്രസിനെ ഇഷ്‌ടപ്പെടുകയില്ലന്നും എച്ച് സലാം ആരോപിച്ചു. ഭരണപക്ഷം അക്രമിച്ചു എന്ന് ഉറപ്പുണ്ടെങ്കിൽ ആ വീഡിയോ ദൃശ്യം പ്രതിപക്ഷം പുറത്തു വിടണമെന്ന് പറഞ്ഞ സലാം, സ്‌പീക്കറുടെ ഓഫിസിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ഭരണപക്ഷം അതിന് ആവശ്യപ്പെടില്ലെന്നും പറഞ്ഞു.

വി ഡി സതീശന്‍ ടാര്‍ഗറ്റ് ചെയ്യുന്നു:നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിൽ സജീവമായി ഇടപെടുകയും തങ്ങളുടെ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പറയുകയും ചെയ്‌തതിനാണ് തങ്ങളെ വിഡി സതീശൻ ടാർഗറ്റ് ചെയ്യുന്നതെന്ന് സച്ചിൻ ദേവ് എംഎൽഎ ആരോപിച്ചു. ഭരണപക്ഷ എംഎൽഎമാരുടെ മുന്നിലുണ്ടായിരുന്നത് വാച്ച് ആന്‍റ് വാർഡൻമാര്‍ ആയിരുന്നു എന്നും അതിനും പിന്നിലായാണ് പ്രതിപക്ഷ എംഎൽഎമാർ ഉണ്ടായിരുന്നെതെന്നും പറഞ്ഞ സച്ചിൻ ദേവ്, ഇടതുപക്ഷ എംഎൽഎമാരുടെ ആക്രോശം എന്തിന് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

കെകെ രമയുടെ കൈയ്‌ക്ക് പരിക്കുപറ്റി എന്നത് വ്യാജമാണെന്ന് പറയുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രി രേഖകൾ പരിശോധിക്കണമെന്നും എച്ച് സലാം പറഞ്ഞു. സഭയിൽ പ്ലക്കാർഡ് ഉയർത്തൽ ചട്ടവിരുദ്ധമാണ്. അപൂർവം സംഭവങ്ങൾ ഉണ്ടായത് കൊണ്ട് അത് തുടരുകയെന്ന രീതിയല്ല വേണ്ടതെന്നും എച്ച് സലാം എംഎല്‍എ വ്യക്തമാക്കി.

സ്‌പീക്കര്‍ ഓഫിസിന് മുന്നിലെ ഏറ്റുമുട്ടല്‍: കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎല്‍എമാര്‍ സ്‌പീക്കറുടെ ഓഫിസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എംഎല്‍എമാരെ ഓഫിസിന് മുന്നിലൂടെ വാച്ച് ആന്‍റ് വാര്‍ഡ് വലിച്ചിഴച്ചു എന്നും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ മര്‍ദിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു. വാച്ച് ആന്‍റ് വാര്‍ഡ് തന്നെ മര്‍ദിച്ചു എന്ന് തിരുവഞ്ചൂര്‍ പറഞ്ഞതോടെ പ്രകോപിതരായ പ്രതിപക്ഷം വാച്ച് ആന്‍റ് വാര്‍ഡുമായി ഏറ്റുമുട്ടി.

പിന്നാലെ സഭ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഓഫിസിലേക്കെത്തിയ സ്‌പീക്കര്‍ക്ക് ഭരണപക്ഷം സുരക്ഷ ഒരുക്കിയതോടെ സംഘര്‍ഷം പ്രതിപക്ഷ-ഭരണപക്ഷ എംഎല്‍എമാര്‍ തമ്മില്‍ ആകുകയായിരുന്നു. സംഭവത്തില്‍ എച്ച് സലാം, സച്ചിന്‍ ദേവ് എന്നീ ഭരണപക്ഷ എംഎല്‍എമാര്‍ക്കും ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും എതിരെ കേസെടുത്തു. കലാപ ശ്രമം ചുമത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തത്.

ABOUT THE AUTHOR

...view details