തിരുവനന്തപുരം : ഈ മാസം 11ന് സി പി എം കോഴിക്കോട് നടത്തുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ മുസ്‌ലിം ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് എം കെ മുനീർ എം എൽ എ (MK Muneer on ET Mohammed Basheer's statement). പാർട്ടി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുക. ആലോചനകൾക്ക് ശേഷം പാർട്ടി നേതൃത്വം കാര്യങ്ങൾ വ്യക്തമാക്കുമെന്നും എം കെ മുനീർ എം എൽ എ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാർട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Muslim League participation in CPM Palestine solidarity rally).
സി പി എം റാലിയെ സ്വാഗതം ചെയ്യുന്നു. സി പി എമ്മിന്‍റെ ക്ഷണത്തിൽ തന്‍റെ അഭിപ്രായം പാർട്ടിക്കുള്ളിൽ പറയും. സി പി എം പരിപാടിയിൽ പങ്കെടുക്കേണ്ട എന്നതാണ് യു ഡി എഫ് തീരുമാനമെന്നും അത് എല്ലാവർക്കും ബാധകമാണെന്നും മുസ്‌ലിം ലീഗിന് അത്തരമൊരു താത്‌പര്യമുണ്ടോ എന്ന് അറിയില്ലെന്നുമുള്ള കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണത്തിന് മറുപടിയില്ല. ലീഗ് യു ഡി എഫിന് ഒപ്പം ആണ്.
ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെ ആണ്. അത് സുധാകരൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കോൺഗ്രസിന്‍റെ കാര്യങ്ങൾ പറയേണ്ടത് കോൺഗ്രസ് ആണെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.