തിരുവനന്തപുരം :ഔദ്യോഗിക വസതിയായ നെസ്റ്റിന്‍റെ വളപ്പിൽ വനമാതൃക തീർത്ത് മന്ത്രി എം വി ഗോവിന്ദന്‍റെ മിയാവാക്കി ചലഞ്ച്. മൂന്നര സെന്‍റിൽ 45 ഇനത്തിൽപ്പെട്ട 400 മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. ചന്ദനം, അശോകം, നെല്ലി, പൂവരശ് തുടങ്ങിയവയെല്ലാം ഈ കൂട്ടത്തിലുണ്ട്.
മൂന്നുമാസത്തെ വളർച്ചയെത്തിയ മരങ്ങൾ ഒരു വർഷം പ്രായമാകുന്നതോടെ കൂടുതൽ നിബിഡമാകുമെന്നാണ് പ്രതീക്ഷ. താൻ വിജയകരമായി നടപ്പാക്കിയ മിയാവാക്കി വനമാതൃക ഏറ്റെടുക്കാൻ മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കുറഞ്ഞ സ്ഥലത്ത് ചെറിയ വിസ്തൃതിയിൽ നഗരങ്ങളിൽ പോലും സാധ്യമാക്കാവുന്ന മിയാവാക്കി വനമാതൃക ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിര മിയാവാക്കിയാണ് രൂപപ്പെടുത്തിയത്.
വന്മരങ്ങൾ ഈ രീതിയിൽ വേഗം വളരുകയും സ്വാഭാവിക വനം പോലെ ഇടതൂർന്ന് നിൽക്കുകയും ചെയ്യും. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കനകക്കുന്നിലും ഇതിന്‍റെ വിജയ മാതൃകകളുണ്ട്. കാർബൺ ന്യൂട്രൽ കേരളം രൂപപ്പെടുത്തുന്നതിന് കേരളത്തിൽ കൂടുതൽ പച്ചപ്പുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.