തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ഇന്നലെ വൈകിട്ട് കൂട് തുറക്കുന്നതിനിടെ രക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലക്കുള്ളില്‍ കാട്ടുപോത്തിന്‍റെ കൂടിന് സമീപത്തെ മരച്ചില്ലയിലാണ് അനിമല്‍ കീപ്പര്‍മാര്‍ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ പിടികൂടി കൂട്ടിലാക്കാനുള്ള ശ്രമം തുടരുകയാണ്.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്‌ച എത്തിച്ച ഒരു ജോഡി കുരങ്ങുകളിലെ പെണ്‍കുരങ്ങാണ് ചാടിപ്പോയത്. കുരങ്ങുകളെ കൂടിനുള്ളില്‍ നിന്ന് തുറന്ന കൂടുകളിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പരീക്ഷണാര്‍ഥം കൂടു തുറന്നപ്പോഴാണ് കുരങ്ങ് ജീവനക്കാരുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടത്.
ഏറെ ദൂരം മുന്നോട്ടു പോയ കുരങ്ങ് സഞ്ചാരം മതിയാക്കി മ്യൂസിയം ബെയിന്‍സ് കോമ്പൗണ്ടിലെ തെങ്ങിന് മുകളില്‍ തമ്പടിച്ചു. മ്യൂസിയം ജീവനക്കാരുടെയും തടിച്ചു കൂടിയ നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് കുരങ്ങ് രാത്രിയോടെ സ്ഥലം വിട്ടു. പുലരുവോളം നടത്തിയ തെരച്ചിലിലും കുരങ്ങിനെ കണ്ടെത്താനായില്ല.
ബുധനാഴ്‌ച രാവിലെ മുതല്‍ ജീവനക്കാര്‍ നന്ദന്‍കോട് പരിസരത്ത് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ബൈനോക്കുലറിന്‍റെ സഹായത്തോടെ ജീവനക്കാര്‍ തെരച്ചില്‍ നടത്തി. ഇതിനിടെയാണ് രാവിലെ 11.30 ഓടെ മൃഗശാല കീപ്പര്‍മാര്‍ കാട്ടുപോത്തിന്‍റെ കൂടിനു സമീപം കുരങ്ങിനെ കണ്ടത്. എന്നാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ആണ്‍കുരങ്ങിനെ വിട്ട് പോകില്ലെന്ന ധാരണ തെറ്റ്:ഇന്നലെ മൂന്നു മണിയോടെയാണ് ആദ്യം പെണ്‍കുരങ്ങിനെ കൂടിനു പുറത്തെത്തിച്ചത്. പെണ്‍കുരങ്ങുകള്‍ ഇണയെ വിട്ടു പോകില്ലെന്ന ധാരണയിലാണ് ആദ്യം പെണ്‍കുരങ്ങിനെ തുറന്നത്. എന്നാല്‍ കുരങ്ങ് ആദ്യം തൊട്ടടുത്ത മരത്തില്‍ ചാടിക്കയറി. ഇത് സാധാരണയാകാമെന്ന് കീപ്പര്‍മാര്‍ കരുതിയെങ്കിലും പിന്നാലെ കുരങ്ങ് മരങ്ങള്‍ ചാടിക്കടന്ന് ദൂരേക്ക് പോയതോടെ കുരങ്ങ് രക്ഷപ്പെടുകയാണെന്ന് ജീവനക്കാര്‍ക്ക് ബോധ്യപ്പെട്ടു. ആണ്‍ കുരങ്ങിന്‍റെ കൂടുമായി ജീവനക്കാര്‍ കുരങ്ങിനു പിന്നാലെ പോയെങ്കിലും കുരങ്ങ് അതൊന്നും കാര്യമാക്കാന്‍ കൂട്ടാക്കിയില്ല. ഇഷ്‌ട ഭക്ഷണം കാണിച്ച് താഴെ ഇറക്കാനുള്ള ജീവനക്കാരുടെ ശ്രമവും ഫലം കണ്ടില്ല.
പേരിടല്‍ ചടങ്ങ് ഇന്ന്: ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ഓരോ ജോഡി വീതം സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങുകളെയും തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശക കൂട്ടിലേക്കു മാറ്റാനും പേരിടാനും ഇന്ന് നിശ്ചയിച്ചിരിക്കെയാണ് ഹനുമാന്‍ കുരങ്ങ് രക്ഷപ്പെട്ടത്. പുതുതായി എത്തിച്ച മറ്റ് മൃഗങ്ങളായ ഒരു ജോഡി സിംഹങ്ങളെയും എമുവിനെയും ഇന്ന് തന്നെ നന്ദര്‍ശക കൂട്ടിലേക്ക് മാറ്റുമെന്നും ഇവയുടെ പേരിടല്‍ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുമെന്നും മൃഗശാല ഡയറക്‌ടര്‍ എസ് അബു ഇടിവി ഭാരതിനോട് പറഞ്ഞു.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് മൃഗശാല ഡയറക്‌ടര്‍: കുരങ്ങ് രക്ഷപ്പെട്ട വിഷയത്തില്‍ കൂട് തുറന്നു പരീക്ഷണം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൂട് തുറന്ന് പരീക്ഷണം നടത്തുമ്പോള്‍ സമീപത്തെ മരച്ചില്ലകള്‍ വെട്ടി മാറ്റണം, കുരങ്ങ് മുകളിലേക്ക് ചാടി പോകാതിരിക്കാന്‍ നെറ്റ് കെട്ടണം, വെറ്ററിനറി ഡോക്‌ടര്‍ മയക്കുവെടി വയ്ക്കുന്ന തോക്ക് കയ്യില്‍ കരുതണം, ജീവനക്കാരെ മുഴുവന്‍ വിവരം അറിയിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജീവനക്കാരുടെ പേരില്‍ നടപടി ഉണ്ടാകില്ലെന്നും എസ് അബു പറഞ്ഞു. ഹനുമാന്‍ കുരങ്ങുകള്‍ പൊതുവേ ആക്രമണ സ്വഭാവം ഉള്ളവയല്ല. അതുകൊണ്ടു തന്നെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ഉണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ജീവനക്കാര്‍.
സാധാരണ നിലയില്‍ കുരങ്ങിനെ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മയക്കു വെടി വയ്ക്കുന്ന കാര്യം ആലോചിക്കുകയാണ്. ഇതിനുള്ള അനുമതിക്കായി വനം വകുപ്പിനെ മൃഗശാല അധികൃതര്‍ സമീപിക്കും.
കുരങ്ങിനെ കൂടാതെ വെള്ള മയില്‍, രണ്ടു ജോഡി കാട്ടുകോഴികള്‍ എന്നിവയെയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് പുതിയ മൃഗങ്ങളെ തലസ്ഥാനത്ത് എത്തിച്ചത്. ആറു പന്നി, മാനുകള്‍ മൂന്ന് കഴുതപ്പുലികള്‍ എന്നീ മൃഗങ്ങളെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജി പാര്‍ക്കിന് പകരം നല്‍കി.
മെയ് 29നാണ് മ്യൂസിയം ആന്‍ഡ് മൃഗശാല ഡയറക്‌ടര്‍ എസ് അബു സൂപ്രണ്ട് വി രാജേഷ്, വെറ്ററിനറി ഡോക്‌ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ അടങ്ങുന്ന സംഘം മൃഗങ്ങളെ കൊണ്ടുവരാനായി തിരുപ്പതിയിലേക്ക് തിരിച്ചത്. ജൂണ്‍ അഞ്ചിനാണ് മൃഗങ്ങളെ പ്രത്യേകം സജ്ജമാക്കിയ ലോറിയില്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചത്.