തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫില്‍ ഒരേ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്നാല്‍ എല്‍ഡിഎഫില്‍ അങ്ങനെ ആയിരുന്നില്ല. അപ്പീല്‍ പോകണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സിപിഎമ്മിനും സിപിഐക്കും അഭിപ്രായം പോലുമില്ലായിരുന്നുവെന്നും വി.ഡി. സതീശന്‍ നിയമസഭയിൽ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം ഭാഗികമായി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഭാഗികമായി എന്ന വാക്ക് ഒഴിവാക്കിയാണ് ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. താന്‍ മൂന്ന് പ്രവശ്യം സംസാരിച്ചപ്പോഴും ഒരേ അഭിപ്രായമാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരിക്കലും മാറ്റി പറഞ്ഞിട്ടില്ല. വിഷയത്തില്‍ നല്ല വ്യക്തതയുള്ളതിനാല്‍ മാറ്റപ്പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ നഷ്‌ടമാക്കി'
ജനപ്രതിനിധികള്‍ എന്ന നിലയില്‍ നമുക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. സ്‌കോളര്‍ഷിപ്പിനെ സമുദായങ്ങള്‍ തമ്മിലടിക്കാനുള്ള വഴിയാക്കി മാറ്റരുത്. സച്ചാര്‍, പാലൊളി കമ്മിറ്റികള്‍ ഒരേ ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നത്. അതുകൂടി പ്രത്യേക സ്‌കീം ആയി നടപ്പാക്കണം. ഇത് വലിയ തുക സ്‌കോളര്‍ഷിപ്പായി ലഭിക്കുന്ന സ്‌കീം അല്ലെന്നും ഏറ്റവും വലിയ തുക ലഭിക്കുന്ന 17000 പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
സ്‌കോളര്‍ഷിപ്പ് ഒരിക്കല്‍ നടപ്പാക്കിയില്ലെങ്കില്‍ പിന്നീട് മറ്റൊരു സംസ്ഥാനത്തിന് ലഭിക്കും. കേരളത്തിന്‍റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ യു.പിക്കാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ ചെറിയ തുക കിട്ടുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിന്‍റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.
READ MORE:ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഉമ്മൻചാണ്ടി