തിരുവനന്തപുരം: സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും. പി.ടി.എ ഫണ്ട് കുറവുള്ള സ്‌കൂളുകള്‍ക്ക് പൊതുജനങ്ങളുടെ സഹായം വേണമെന്ന് വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായി ഓടാതെ കിടക്കുന്ന ബസുകള്‍ക്ക് അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഫിറ്റ്‌നസ് നേടുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇതിനായാണ് വിദ്യാഭ്യാസ മന്ത്രി പരിഹാര നിര്‍ദേശം മുന്നോട്ട് വച്ചത്.
സ്‌കൂള്‍ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ നാട്ടുകാര്‍ സഹായിക്കണം. നാട്ടുകാരുടെ സഹായത്താല്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും.
നടപ്പിലാക്കുന്നത് 'സ്റ്റുഡന്‍റ്‌സ് ഓണ്‍ലി ബസ്'
സ്‌കൂള്‍ പി.ടി.എയ്ക്ക് ഫണ്ട് കുറവാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരോടും സ്‌കൂള്‍ ബസ് സാഹചര്യം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുട്ടികള്‍ക്ക് മാത്രമായി പ്രത്യേകം ഓടിക്കാനും ആലോചന നടക്കുന്നുണ്ട്. സ്റ്റുഡന്‍റ്‌സ് ഓണ്‍ലി ബസ് എന്ന രീതിയില്‍ ഓടിക്കാനാണ് ആലോചന.
സ്വകാര്യ സ്‌കൂളുകള്‍ക്ക് വേണ്ടി ബോണ്ട് സര്‍വീസ് ആയും ബസ് വിട്ടു നല്‍കും. ഡ്രൈവറും, ബസും, ഇന്ധനവുമെല്ലാം കെ.എസ്.ആര്‍.ടി.സി വഹിക്കും. സാധാരണ ടിക്കറ്റ് തുകയില്‍ നിന്ന് കൂടുതല്‍ തുകയാകും ഈ രീതിയില്‍ ഓടുന്ന ബസുകളില്‍ ഈടാക്കുക. സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനും കുട്ടികളെ കയറ്റുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.