മന്ത്രിമാർ മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം :പ്രിയ വര്‍ഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയിലെ പരാമര്‍ശങ്ങളില്‍ മാധ്യമങ്ങള്‍ ആത്മവിമര്‍ശനം നടത്തണമെന്ന് നിയമമന്ത്രി പി രാജീവ്. സ്വയം തിരുത്തലിനുള്ള അവസരമായി ഇതിനെ കാണണം. മാധ്യമങ്ങള്‍ മാത്രമല്ല സമൂഹവും പദവികളില്‍ ഇരിക്കുന്നവരും ഈ വിധിയുടെ അടിസ്ഥാനത്തില്‍ സ്വയം തിരുത്തല്‍ വരുത്തണം.
ഹൈക്കോടതി വിധിയിലുണ്ടായിരിക്കുന്നത് ശ്രദ്ധേയമായ പരാമര്‍ശങ്ങളാണ്. കേരളത്തിന്‍റെ ഭാവിയിലേക്ക് ദിശപകരുന്നതാണ്. വിമര്‍ശനങ്ങളും പരാമര്‍ശങ്ങളും ഒരു വ്യക്തിയുടെ അന്തസിനെ ബാധിക്കുന്ന തരത്തിലാകരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. നിലവില്‍ അത് പലപ്പോഴും മാധ്യമങ്ങളില്‍ പാലിക്കപ്പെടുന്നില്ല.
മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം : സ്വകാര്യതയെന്ന അവകാശം ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കോടതികളില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ അക്കാര്യം ചര്‍ച്ച ചെയ്യാറുപോലുമില്ല. ഇക്കാര്യത്തില്‍ മാറ്റം വരുത്താനുള്ള ശ്രമമുണ്ടാകണം. അതിനുള്ള ഒരവസരമായി ഹൈക്കോടതിയുടെ വിമര്‍ശനത്തെ കാണണം. ഭാവിയിലേക്ക് മാധ്യമങ്ങള്‍ പെരുമാറ്റ ചട്ടം രൂപീകരിക്കണമെന്നും നിയമന്ത്രി പറഞ്ഞു.
വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം :ഹൈക്കോടതി പരാമര്‍ശങ്ങളില്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും സമൂഹവും ശ്രദ്ധപുലര്‍ത്തണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും അഭിപ്രായപ്പെട്ടു. വ്യക്തിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസുകളുടെ വിചാരണ വേളയില്‍ കാര്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ചില പരാമര്‍ശങ്ങള്‍ വലിയ വാര്‍ത്തയാക്കുന്നത് പലപ്പോഴും കേസുമായി ബന്ധപ്പെട്ടുള്ളവരെ മോശമാക്കുന്നതാണ്.
ഒരു വ്യക്തിക്കുണ്ടാകുന്ന ബുദ്ധിമുട്ടും അവര്‍ക്കുണ്ടാകുന്ന മാനഹാനിയും ശ്രദ്ധിക്കണം. ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രിയ വര്‍ഗീസിന്‍റെ കാര്യത്തില്‍ അവര്‍ക്ക് സന്തോഷകരമായ വിധിയാണ് ഉണ്ടായിരിക്കുന്നത്.
വിമർശനങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിധി :വിവാദം ഉയര്‍ന്നപ്പോഴും വിചാരണ വേളയിലുമെല്ലാം യോഗ്യതയില്ല പിന്‍വാതില്‍ നിയമനമാണെന്ന് തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന വിധിയാണ് ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു. കേസ് പരിഗണിക്കുന്ന വേളയില്‍ ജഡ്‌ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ എടുത്ത് അന്യായമായ അഭിപ്രായ പ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കേസിലെ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
also read :Priya Varghese |കോടതി വിധി ആശ്വാസം, സ്വാഗതാര്‍ഹം: മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം
ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേസ് ജയിച്ചാല്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ കക്ഷികള്‍ക്കുണ്ടാക്കുന്ന ദോഷം മാറില്ലെന്ന് വിധി ഓര്‍മിപ്പിക്കുന്നു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തണം.
ഭരണഘടന നല്‍കുന്ന സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വകാര്യത എന്നാല്‍ ഒരാള്‍ക്ക് സ്വന്തം അന്തസ് സംരക്ഷിക്കാനുള്ള അവകാശം കൂടിയാണ്. ഈ നിരീക്ഷണങ്ങള്‍ മാധ്യമങ്ങള്‍ കണക്കിലെടുക്കണം. ഇത് കൂടാതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധി പുറപ്പെടുവിപ്പിക്കരുതെന്ന സ്വയം വിമര്‍ശനവും വിധി പ്രസ്‌താവനയിലുണ്ട്.