തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രയോഗിച്ച വാക്കുകള്‍ തരം താഴ്‌ന്നതാണ്. ആര്‍എസ്‌എസുകാരന്‍റെ പ്രസ്‌താവനയാണ് ഗവര്‍ണര്‍ നടത്തിയത്.
ഗവര്‍ണറുടെ ഭീഷണി വിലപ്പോകില്ല, മാധ്യമങ്ങളോട് കാണിച്ചത് ജനാധിപത്യ വിരുദ്ധം : വി ശിവന്‍കുട്ടി - തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍
മാധ്യമങ്ങളോട് ഗവര്‍ണര്‍ സ്വീകരിച്ച സമീപനത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
ഗവര്‍ണര്‍ തന്‍റെ വാക്കുകള്‍ പിന്‍വലിക്കുമെന്ന് കരുതുന്നു. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അതിന്‍റെ മാന്യത ഗവര്‍ണര്‍ കാണിക്കണം. ക്ഷണിച്ച് വരുത്തിയ ശേഷം മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്.
കേരളത്തിലെ മാധ്യമങ്ങളോട് ഇത് രണ്ടാം തവണയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. രാഷ്‌ട്രീയ നയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെ എങ്ങനെയെങ്കിലും പ്രവര്‍ത്തന രഹിതമാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.