തിരുവനന്തപുരം:കേരള മെഡിക്കൽ സർവീസ് കോർപറേഷന്‍റെ ഗോഡൗണുകളിലുണ്ടായ തീപിടിത്തത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തിൽ വിശദമായി പരിശോധന നടത്തും. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തീപിടിത്തം സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കാമെന്നും മന്ത്രി പ്രതികരിച്ചു.
കൊവിഡ് കാലത്ത് വാങ്ങിയ ഒരു മരുന്നും ഉപകരണങ്ങളും ഇപ്പോൾ തീപിടിത്തത്തിൽ നശിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 10 ദിവസത്തിനിടെ മൂന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടായിട്ടും ആരോഗ്യ മന്ത്രി ഔദ്യോഗികമായി വിശദീകരണം നൽകാത്തതിൽ വിമർശനം ഉയർന്നിരുന്നു.
ആദ്യമായി കൊല്ലത്തെ ഗോഡൗണിൽ തീപിടിത്തം ഉണ്ടായപ്പോൾ സമഗ്ര അന്വേഷണം നടക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി തുടർ തീപിടിത്തങ്ങളിൽ മൗനം പാലിച്ചിരുന്നു. വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് ഇന്ന് പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധം:തീപിടിത്തങ്ങൾ സംബന്ധിച്ച് കെഎംഎസ്‍സിഎൽ പ്രാഥമികമായ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ടെന്നും പ്രചരിക്കുന്ന വാർത്തകളോ പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങളിലോ ഒരു വാസ്‌തവവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും. നിലവിൽ ഫയർഫോഴ്‌സ്, പൊലീസ്, ഡ്രഗ്‌സ് കൺട്രോളർ, ഇലക്ട്രിക് വിഭാഗം എന്നിവയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇത് കൂടാതെയാണ് എല്ലാ ഏജൻസികളെയും സംയുക്തമായി വിശദമായ പരിശോധന നടക്കുക. ഇതിന് ശേഷം ആരോഗ്യ വകുപ്പ് കൃത്യമായ നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.