ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരം:സംസ്ഥാനത്തെ ഡെങ്കിപ്പനി ബാധിത മേഖലകളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പനി ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പനി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് കഴിഞ്ഞ മാസം തന്നെ ആരോഗ്യ വകുപ്പ് വിലയിരുത്തിയിരുന്നു.
കൊതുക് പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ കൈക്കൊള്ളണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേ സമയം മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പകർച്ച പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നിലവില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും എന്നാല്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്നലെ (ജൂണ്‍ 20) നടത്തിയ വാർത്ത സമ്മേളനത്തിലും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇടവിട്ട് മഴ പെയ്യുന്നതാണ് ഡെങ്കിപ്പനി വ്യാപിക്കുന്നതിന്‍റെ പ്രാധാന കാരണങ്ങളിലൊന്ന്. നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് മന്ത്രിനിര്‍ദേശം നല്‍കിയിട്ടുണ്ട്.
എലിപ്പനിയെ കുറിച്ചും പ്രതികരിച്ച് മന്ത്രി:സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ എലിപ്പനി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്‌ച സംഭവിക്കാന്‍ പാടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സ തേടി ആയിരങ്ങള്‍:കഴിഞ്ഞ 10 ദിവസമായി ആയിര കണക്കിനാളുകളാണ് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടി പരിശോധിച്ചാൽ എണ്ണം ഇരട്ടിയാകും. വിവിധയിടങ്ങളില്‍ നിന്നായി 12984 പേര്‍ വിവിധ ഒപികളില്‍ ചികിത്സ തേടിയപ്പോള്‍ 180 പേര്‍ ആശുപത്രികളില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ടു.
ജൂണ്‍ മാസത്തോടെ പകര്‍ച്ച പനിയുടെ വ്യാപനവും വര്‍ധിച്ചിരുന്നു. ഇന്നലെ (ജൂണ്‍ 20) വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 161346 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. പകർച്ച പനിക്കൊപ്പം ഡെങ്കിപ്പനിയും വർധിക്കുകയാണ്. ചൊവ്വാഴ്‌ച മാത്രം 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ പേർക്ക് പനി സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ ഇതുവരെ 1011 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം എട്ട് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ ഇതുവരെ 76 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 116 പേര്‍ രോഗം സംശയിച്ച് ചികിത്സയിലുമുണ്ട്.
എലിപ്പനി കൂടുതല്‍ അപകടകാരിയായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്‌ചയും കൊച്ചിയിലടക്കം മാലിന്യ നീക്കത്തിലെ അപാകതകളുമാണ് പകര്‍ച്ച പനിയടക്കം വ്യാപിക്കുന്നതിന് കാരണമാകുന്നത്.
also read:Dengue cases kerala | സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, 12 ദിവസത്തിനിടെ 523 കേസുകള്‍