തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തവും അതുമൂലമുള്ള പുകയും കാരണം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അവാസ്‌തവമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് ആരോപിക്കുകയാണ്.
ഇന്നും ഇതേ രീതിയിൽ ആരോപണം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളിലൂടെ ഉന്നയിച്ചു. മാർച്ച് അഞ്ചിന് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും മാസ്‌ക് ധരിക്കുന്നതിന്‍റെ ആവശ്യകതകളെ കുറിച്ചും വ്യക്തമായി പറഞ്ഞതാണ്. പ്രതിപക്ഷ എംഎൽഎമാരടക്കം പങ്കെടുത്ത യോഗത്തിലും ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്.
തെളിവുണ്ട് പറയാത്തതിന്: ഇക്കാര്യങ്ങൾ ഒന്നും സ്വന്തം നിലയിൽ പറയുന്നതല്ല. വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കാര്യങ്ങൾ പറഞ്ഞത്. വിവിധ തലത്തിലുള്ള യോഗങ്ങളും ചേർന്നിരുന്നു. ഒരു ഘട്ടത്തിലും താൻ പറയാത്ത കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും വീണ്ടും പറയുന്നത് ശരിയായ നടപടിയല്ലെന്നും വീണ ജോർജ് വ്യക്തമാക്കി. മാർച്ച് അഞ്ചിന് എറണാകുളം കലക്‌ടറേറ്റിൽ നടത്തിയ വാർത്താസമ്മേളന ദൃശ്യങ്ങൾ അടക്കം പ്രദർശിപ്പിച്ചാണ് മന്ത്രി പ്രതിപക്ഷ നേതാവിന് മറുപടി നൽകിയത്.
മാർച്ച് അഞ്ചിലെ യോഗത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് സംബന്ധിച്ച് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രഹ്മപുരം തീപിടിത്തം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര് തുടരുകയാണ്. കഴിഞ്ഞദിവസം ഇതു സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിൽ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചിരുന്നു.