തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ (More opportunities for nursing education). സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 ബി.എസ്.സി നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു (Minister Veena George On Nursing Education). സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി.
ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി നഴ്‌സിങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്‌മിഷന്‍ നടക്കും. നഴ്‌സിങ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഉന്നതതല യോഗം ചേർന്നു. ഒക്‌ടോബര്‍ 31 വരെ നഴ്‌സിങ് വിഭാഗങ്ങളില്‍ അഡ്‌മിഷന്‍ നടത്താന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അനുമതി നല്‍കി. സ്വാശ്രയ മാനേജ്‌മെന്‍റുകളുടെ അഭ്യര്‍ഥനയും, പുതിയ കോളേജുകള്‍ ആരംഭിക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി.എസ്.സി നഴ്‌സിങ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂള്‍ ചെയ്‌ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.