തിരുവനന്തപുരം:ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവും അതിലെ ആരോഗ്യ വകുപ്പിൻ്റെ പ്രവർത്തനങ്ങളും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്ത വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഗൗരവകരമായ വീഴ്‌ച ഉണ്ടായെന്നും 10 ദിവസം കഴിഞ്ഞാണ് ആരോഗ്യ മന്ത്രിയെത്തി മാസ്‌ക് ധരിക്കണമെന്ന് പറഞ്ഞത്. മാസ്‌ക് വയ്ക്കണമെന്ന് പറഞ്ഞതിൽ മാത്രം ആരോഗ്യ മന്ത്രിയുടെ പ്രവർത്തനം ഒതുങ്ങിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
ഇതിനെതിരെയാണ് ആരോഗ്യ മന്ത്രി ആരോപണം ഉന്നയിച്ചത്. തീപിടിച്ച ആദ്യ നാല് ദിവസം മേഖലയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് വിഷയത്തില്‍ പ്രതികരിക്കാതെയിരുന്നതെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും വീണ ജോര്‍ജ് പറഞ്ഞു. ഇക്കഴിഞ്ഞ അഞ്ചാം തീയതി നടന്ന യോഗത്തില്‍ തന്നെ മാസ്‌ക് ധരിക്കുന്നതിനെ സംബന്ധിച്ച് നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ഈ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളും പങ്കാളികളായിരുന്നു.
ഇത് തെറ്റാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ കാമ്പുകള്‍ ആരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇതിനായുള്ള സ്ഥലങ്ങളെപ്പറ്റി നിര്‍ദേശിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരോട് അടക്കം പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് അടക്കമുള്ള ആരും കാമ്പ് എവിടെ വേണമെന്നതിനെ സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ അടിസ്ഥാനപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ സഭ രേഖയിൽ നിന്ന് മാറ്റണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.