തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച നിലവിലെ നിയമങ്ങളിൽ മാറ്റം അനിവാര്യമാണ്. അതുകൂടി പരിഗണിച്ച് ശക്തമായ നിയമം നിർമിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് സംസാരിക്കുന്നു ഇത്തരം അക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിലെ ഐസിയുവിൽ ഉള്ള രോഗികൾക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗികൾക്കും കൂട്ടിരിപ്പിനായി ഒരു വ്യക്തിയെ മാത്രമേ അനുവദിക്കുകയുള്ളൂ. പ്രത്യേകം പരിചരണം വേണ്ട രോഗികൾക്ക് ഡോക്‌ടറുടെ അനുമതിയോടെ ഒരാളെ കൂടി പ്രത്യേക പാസ് വഴി അനുവദിക്കും.
അതിക്രമങ്ങൾ നേരിടാൻ കഴിയുന്ന തരത്തിൽ സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനത്തെ ആകെ ബാധിക്കുന്ന വിഷയമാണിത്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ആരോഗ്യപ്രവർത്തകന്‍റെ മനോവീര്യം തകർക്കും. അത് അനുവദിക്കാൻ കഴിയില്ല.
ആരോഗ്യ പ്രവർത്തകർ എന്ന നിർവചനത്തിൽ ഉൾപ്പെടാത്ത ജീവനക്കാരും ആശുപത്രികളിൽ പ്രവർത്തിക്കുന്നുണ്ട്. അവരെയും ഈ നിർവചനത്തിൽ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമർശത്തിന്‍റെ വിശദാംശങ്ങൾ അറിയില്ല. അത് ലഭിച്ചശേഷം ഈ വിഷയത്തിൽ പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു.