കേരളം

kerala

ETV Bharat / state

സ്‌ട്രോക്ക് ചികിത്സാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ കാത്ത് ലാബ് - ന്യൂറോളജി വിഭാഗം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തില്‍ ന്യൂറോ കാത്ത് ലാബ്, പക്ഷാഘാതം ബാധിച്ചവരില്‍ പഠനം നടത്തി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

പക്ഷാഘാതം  Minister Veena George  Stroke Treatment System  Kerala news updates  latest news in Kerala  news live  health news updates  സ്‌ട്രോക്ക് ഇനി ഭയപ്പേടേണ്ടതില്ല  സര്‍ക്കാര്‍  ചികിത്സ സംവിധാനം  സ്‌ട്രോക്ക് ചികിത്സ സംവിധാനം  ന്യൂറോ കാത്ത് ലാബ്  ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗം  ന്യൂറോളജി വിഭാഗം  തിരുവനന്തപുരം മെഡിക്കല്‍ കോളജ്
മന്ത്രി വീണ ജോർജ്

By

Published : Aug 4, 2023, 8:58 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് സ്‌ട്രോക്ക് ചികിത്സാസംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ. രാജ്യത്തെ ആദ്യ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട സമ്പൂര്‍ണ സ്‌ട്രോക്ക് യൂണിറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോളജി വിഭാഗത്തില്‍ സജ്ജമാക്കി. ഇതുകൂടാതെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ 14 ജില്ലകളിലും സ്‌ട്രോക്ക് സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രത്യേക പ്രൊജക്‌ട് തയ്യാറാക്കും. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന് മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് പ്രധാന മെഡിക്കല്‍ കോളജുകളിലും ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 ജില്ലാതല ആശുപത്രികളിലും സ്‌ട്രോക്ക് ചികിത്സ നിലവിലുണ്ട്. ഇതിന് പുറമെയാണ് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന സ്‌ട്രോക്ക് പഠന ശില്‍പശാലയിലായിരുന്നു മന്ത്രിയുടെ നിർദേശം. പക്ഷാഘാതം അഥവാ സ്‌ട്രോക്ക്, രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് പ്രാഥമിക ഇടപെടലിലൂടെ എങ്ങനെ വീണ്ടും സ്‌ട്രോക്ക് വരാതെ ആരോഗ്യം സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് വേണ്ടി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പക്ഷാഘാത ചികിത്സാവിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ട് ശില്‍പശാലയില്‍ അവതരിപ്പിച്ചു.

സ്‌ട്രോക്ക് ഉണ്ടായിട്ടുള്ള 896 പേരില്‍ ഒരു വര്‍ഷത്തോളം നീണ്ട പഠനമാണ് സംഘം നടത്തിയത്. പക്ഷാഘാതം വന്ന രോഗികളില്‍ 35 ശതമാനം പേര്‍ മാത്രമേ 6 മാസത്തിനുള്ളില്‍ ബ്ലഡ് പ്രഷര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ പരിശോധനകള്‍ നടത്തിയിട്ടുള്ളൂ എന്നാണ് പഠന റിപ്പോര്‍ട്ട് . കൊല്ലം ജില്ലയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. കൊല്ലത്ത് ആരോഗ്യ വകുപ്പിന് കീഴിലുള്ള മുഴുവന്‍ ഫീല്‍ഡ് തല ജീവനക്കാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും പക്ഷാഘാതം വന്നവര്‍ ജീവിതത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് വിദഗ്‌ധ പരിശീലനം നല്‍കി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് പരിശീലനം നല്‍കിയത്.

പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ട്രോക്ക് വന്ന രോഗികളുടെ വീടുകളില്‍ പോയി അവര്‍ക്ക് വേണ്ട വൈദ്യ സഹായങ്ങളും മറ്റ് അനുബന്ധ സേവനങ്ങളും നല്‍കുകയുണ്ടായി. സ്‌ട്രോക്ക് വന്നവര്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നുണ്ടെന്നും കൃത്യ സമയത്ത് അവര്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും സംഘം ഉറപ്പാക്കി. കൂടാതെ ഫിസിയോതെറാപ്പി ചെയ്യുന്നുണ്ടെന്നും ബിപി, ഷുഗര്‍ എന്നിവ നിരീക്ഷിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി. സ്‌ട്രോക്ക് വന്ന് കൈകാലുകള്‍ ചലിപ്പിക്കാനാകാതെ കിടപ്പിലായ രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഫിസിയോതെറാപ്പി നല്‍കി.

ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഉപാധികള്‍, കഴിക്കേണ്ട ഭക്ഷണം, പ്രവര്‍ത്തനങ്ങള്‍, ഫിസിയോതെറാപ്പി എന്നിവയെ കുറിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എസ്‌എംഎസ് വഴി ബോധവത്‌കരണം നല്‍കി. ഇതിന്‍റെയെല്ലാം ഫലമായി കൊല്ലം ജില്ലയിലെ പക്ഷാഘാത രോഗികളുടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌ട്രോക്ക് വന്ന രോഗികളെ നിരീക്ഷിക്കാനും എന്‍സിഡി ക്ലിനിക്ക് വഴി തുടര്‍പരിചരണം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, അഡിഷണല്‍ ഡയറക്‌ടര്‍, തിരുവനന്തപുരം, കൊല്ലം ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, പ്രോഗ്രാം മാനേജര്‍മാര്‍, ശ്രീചിത്രയിലെ ഡോക്‌ടര്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details