ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കുന്നതിനാണ് കുറച്ച് ദിവസം കൂടി സാവകാശം നല്‍കിയത്. ഇതിനെ മെല്ലെപോക്കായി ആരും കാണേണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്‌ച കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ കര്‍ശന പരിശോധനയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് വിലയിരുത്തുന്നത്.
ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്. പരിശോധന സംവിധാനങ്ങള്‍ കുറവായതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്നത് ഫെബ്രുവരി 14ലേക്ക് മാറ്റിയത്. എന്നാല്‍ പരാതികള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹോട്ടൽ ഉടമകള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
കേരളം സുരക്ഷിത ഭക്ഷണ ഇടമാക്കും: സര്‍ക്കാറിന്‍റെ എല്ലാ നടപടികളുമായി വ്യാപരികൾ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കുമാണ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളം സുരക്ഷിത ഭക്ഷണ ഇടമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്.
പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ്: എല്ലാ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്‌ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.
വില കുറഞ്ഞ വാക്‌സിനുകള്‍:സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിന് സ്വീകരിക്കേണ്ട വാക്‌സിനുകള്‍ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടൈഫോയിഡ് വാക്‌സിനുകളുടെ വില സംബന്ധിച്ചുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കാരുണ്യ ഫാര്‍മസി വഴി വില കുറഞ്ഞ വാക്‌സിനുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധം: 48 മണിക്കൂറിനുള്ളില്‍ തന്നെ ഇത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മാസ് വാക്‌സിനേഷനാണെങ്കില്‍ 65 രൂപയ്‌ക്ക് വാക്‌സിന്‍ നല്‍കാനാകും. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. പാഴ്‌സലായി നല്‍കുന്ന ഭക്ഷണത്തിന്‍റെ പാക്കറ്റില്‍ ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.
ഇത് ഉറപ്പാക്കാനുള്ള പരിശോധനകള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. സുരക്ഷ ഭക്ഷണം ലഭിക്കുന്നയിടമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്.