തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് (25-05-2023) അറിയാം. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാല് മണി മുതൽ ഫലം വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ വെബ്സൈറ്റുകളിൽ ലഭ്യമാകും.
ഇത്തവണ മാർച്ച് 10 മുതൽ മാർച്ച് 30 വരെയായിരുന്നു ഹയർ സെക്കൻഡറി പരീക്ഷകൾ നടന്നത്. ഇത്തവണ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്. ഈ വർഷം 4,42,067 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 28,495 കുട്ടികളാണ് എഴുതിയത്. 83.87 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 78.26 ശതമാനമായിരുന്നു വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയ ശതമാനം.
പ്ലസ് ടു ഫലം പി.ആർ.ഡി ലൈവ് ആപ്പിൽ സയൻസ് വിഷയത്തിൽ 1,93,544 കുട്ടികളും, ഹ്യുമാനിറ്റീസിൽ 74,482, കൊമേഴ്‌സിൽ 1,08,109 വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതേസമയം ഗ്രേസ് മാർക്ക് പുനസ്ഥാപിച്ച സാഹചര്യത്തിൽ വിജയശതമാനം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം അറിയാൻ:https://www.result.kite.kerala.gov.in/, https://keralaresults.nic.in/, https://play.google.com/store/apps/details?id=in.nic.kerala.dhsece, https://www.result.kite.kerala.gov.in/hse/index.html, https://www.result.kite.kerala.gov.in/vhse/index.html എന്നീ വെബ്സൈറ്റുകൾ വഴിയും മൊബൈൽ അപ്ലിക്കേഷൻ വഴിയും വൈകിട്ട് നാല് മണി മുതൽ ഫലം അറിയാം.
ALSO READ :വീല്‍ചെയറില്‍ നിന്ന് ഐഎഎസ് കസേരയിലേക്ക് ; ആശുപത്രി കിടക്കയില്‍ ഷെറിനെ തേടിയെത്തിയത് സ്വപ്‌ന മധുരം
അതേസമയം ഇത്തവണ എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പിലേതിന് സമാനമായി ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിലും ഡ്യൂട്ടി ലഭിച്ച ചില അധ്യാപകർ ഹാജരായിരുന്നില്ല. ഇത്തരത്തിൽ അലംഭാവം കാണിച്ച 1,371 അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇങ്ങനെ നോട്ടിസ് ലഭിച്ചവരിൽ കഴിഞ്ഞ വർഷം കൊവിഡ് പോസിറ്റീവായി മരണപ്പെട്ട അധ്യാപികയും ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ സർവീസിൽ നിന്നും തസ്‌തിക നഷ്‌ടത്തിന്‍റെ പേരിൽ മാർച്ച് മാസത്തിൽ പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലീഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു. ഈ സംഭവത്തിൽ വകുപ്പ് മേധാവികളോടെ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടിയിട്ടുണ്ട്. ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറി എസ് എസ് വിവേകാനന്ദൻ, ജോയിന്‍റ് ഡയറക്‌ടർ ആർ സുരേഷ് കുമാർ എന്നിവരെ നേരിട്ടു വിളിച്ചാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.
ALSO READ :കോച്ചിങ്ങില്ല, ആറാം റാങ്ക് നേട്ടം സ്വന്തമായി പഠിച്ച്; അഭിമാനമായി ഗഹന നവ്യ ജെയിംസ്
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് മന്ത്രി ശിവൻ കുട്ടി അറിയിച്ചു. മുൻ വർഷങ്ങളിലേതു പോലെ നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് വ്യക്തമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രവേശന പ്രോസ്പെക്‌ട് തയ്യാറാക്കുന്നതിന് മുൻപ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശം നല്ലതല്ല. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യമായ പ്രവണതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.