തിരുവനന്തപുരം:സർക്കാർ അധ്യാപകരുടെ സമാന്തര ക്ലാസെടുപ്പും സ്‌പെഷ്യൽ ട്യൂഷനും അനുവദിക്കില്ലെന്നും പ്രവൃത്തി സമയത്ത് മറ്റ് ആവശ്യങ്ങൾക്കായി സ്‌കൂൾ കെട്ടിടങ്ങളോ സ്‌കൂളിലെ ഉപകരണങ്ങളോ വിട്ടു നൽകാൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരെയും വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. സംസ്ഥാനത്തെ ഒരു സ്‌കൂളിലും അധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നും ബാലിശമായ തടസ വാദങ്ങൾ ഉയർത്തി ഫയൽ പരിശോധിക്കുന്നത് നിഷേധിച്ച് വിദ്യാഭ്യാസ ഓഫിസുകളിൽ അഴിമതി നടക്കുന്നുവെന്ന പരാതികൾ ലഭിക്കുന്നുണ്ടെന്നും വകുപ്പിനെ വെല്ലുവിളിച്ച് ആർക്കും മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എസ്‌എസ്‌എല്‍സി മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കന്‍ഡറിയിലും ഹാജരായിട്ടില്ല. ഇതിൽ 3708 പേർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വീഴ്‌ച കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ശനിയാഴ്‌ചയും അധ്യാപകര്‍ സ്‌കൂളിലെത്തണം:പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫിസുകൾ അഞ്ച് മണി വരെ പ്രവര്‍ത്തിക്കണം. സാധ്യമായ ശനിയാഴ്‌ചകളിൽ പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, മറ്റ് ഓഫിസ് സ്റ്റാഫുകൾ എന്നിവർ ഓഫിസിലുണ്ടാകണം. ഓഫിസുകളിൽ ലാന്‍റ് ഫോണുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ഉച്ചഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം:സ്‌കൂളുകളിലെഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പിനെ കുറിച്ച് തീരുമാനമെടുക്കാന്‍ എംഎൽഎ, പഞ്ചായത്ത് പ്രതിനിധികൾ, പിടിഎ എന്നിവരെ വിളിച്ച് ചർച്ച നടത്തണം. ലഹരി മുക്ത ക്യാമ്പസിനായി അധ്യാപകരുടെ ഭാഗത്ത് നിന്ന് മികച്ച ഇടപെടല്‍ ഉണ്ടാകണം. ഇതിന്‍റെയെല്ലാം ഭാഗമായി സ്‌കൂള്‍ തല ജാഗ്രത സമിതി നല്ലത് പോലെ പ്രവർത്തിപ്പിക്കാനും മന്ത്രി നിർദേശം നൽകി.