തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ജൂൺ മാസത്തെ ശമ്പളം ഒരാഴ്‌ചയ്‌ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിലെ പാചക തൊഴിലാളികള്‍ക്ക് ജൂലൈ മാസം അവസാനിക്കാറായിട്ടും ജൂണ്‍ മാസത്തെ വേതനം ലഭിച്ചിരുന്നില്ല. ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ പാചക തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ.
ജൂൺ, ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപയാണ് അനുവദിച്ചത്. പാചക തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചു.