തന്മയ സോളിനെ ആദരിച്ച് വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അപ്രതീക്ഷിതമായി ലഭിച്ച അംഗീകാരമെന്ന് തന്മയ സോൾ. പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്ക് സിനിമയില്‍ ഒരു അവസരം നല്‍കിയതിന് സംവിധായകനോട് വളരെയധികം നന്ദിയുണ്ടെന്നും സിനിമയില്‍ തന്‍റെ രക്ഷിതാക്കളായി അഭിനയിച്ചവര്‍ അടക്കം എല്ലാവരും തനിക്ക് വളരെയധികം പിന്തുണ നല്‍കിയിരുന്നുവെന്നും തന്മയ പറഞ്ഞു.
സ്‌കൂള്‍ വിട്ടുവന്നപ്പോഴാണ് താന്‍ കാര്യമറിഞ്ഞതെന്നും ആ സമയത്ത് സുഹൃത്തുക്കളോടെല്ലാം പറയാനുള്ള ആഗ്രഹമുണ്ടായിരുന്നുവെന്നും തന്മയ പറഞ്ഞു. സഹോദരി തമന്ന സോൾ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രങ്ങളിലൂടെയാണ് താൻ ആദ്യമായി കാമറയ്ക്ക് മുന്നിൽ വരുന്നതെന്നും തന്മയ സോൾ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത 'വഴക്ക്' എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. 'താര' എന്ന കഥാപാത്രമാണ് ചിത്രത്തിൽ തന്മയ അവതരിപ്പിച്ചത്. 'വഴക്ക്' എന്ന ചിത്രത്തിൽ പിതാവ് അരുൺ സോൾ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു.
ലൊക്കേഷനിൽ വച്ചാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ തന്മയെയ കാണുന്നത്. അദ്ദേഹമാണ് താര എന്ന കഥാപാത്രം തന്നെ കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞത്. ഓഡീഷൻ കഴിഞ്ഞ് ഇഷ്‌ടമായപ്പോഴാണ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. പിതാവ് അരുൺ സോൾ, മാതാവ് ആശ, സഹോദരി തമന്ന സോൾ എന്നിവർ മികച്ച പിന്തുണയാണ് നൽകുന്നത്. ആദ്യത്തെ സിനിമക്ക് തന്നെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്മയ കൂട്ടിച്ചേര്‍ത്തു.
അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി:ആദ്യ സിനിമയിലൂടെ തന്നെ ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ തന്മയയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വട്ടിയൂർക്കാവ് എംഎൽഎയും പട്ടം ഗേൾസ് സ്‌കൂളിലെത്തി അഭിനന്ദിച്ചു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്നും ഇനിയും വലിയ ഉയരങ്ങളിലെത്താന്‍ തന്മയയ്‌ക്ക് സാധിക്കട്ടെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
തിരുവനന്തപുരം ചന്തവിള സ്വദേശിയാണ് തന്മയ. പട്ടം ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പല്ലൊട്ടി 90's കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയ മികവിന് മാസ്റ്റർ ഡാവിഞ്ചിയും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് അർഹനായി. അതേസമയം 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി എട്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കിയത് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയാണ്. സ്വാഭാവിക അഭിനയത്തിന്‍റെ മികവിന് വിൻസി അലോഷ്യസിന് ആദ്യ സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.
'രേഖ' എന്ന ചലച്ചിത്രത്തിൽ തനിമയാർന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും സ്വാഭാവികമായി അവതരിപ്പിച്ചതായി വിൻസിയുടെ അഭിനയ മികവിനെ ജൂറി വിലയിരുത്തി. മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്‌മയകരവുമായ ഭാവാവിഷ്‌കാര മികവെന്നായിരുന്നു ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറി മമ്മൂട്ടിയുടെ അഭിനയ മികവിനെ വിലയിരുത്തിയത്.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കൂടി നേടിയ നൻപകൽ നേരത്ത് മയക്കത്തിനെ അതിർത്തികൾ രൂപപ്പെടുന്നത് മനുഷ്യരുടെ മനസിലാണ് എന്ന യഥാർഥ്യത്തെ പ്രഹേളിക സമാനമായ ബിംബങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന സിനിമയെന്നാണ് ജൂറി വിലയിരുത്തിയത്. ചിത്രം ബഹുതല വ്യാഖ്യാന സാധ്യതകൾ തുറന്നിടുന്നുവെന്നും ജൂറി വിലയിരുത്തി.
also read:'ഈ പ്രായത്തിലും അഭിനയത്തിന്‍റെ ചൂട് പറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കും'; മമ്മൂട്ടിയെ പുകഴ്‌ത്തി ഹരീഷ് പേരടി