മന്ത്രി വി ശിവന്‍കുട്ടി പ്രതികരിക്കുന്നു തിരുവനന്തപുരം:അധ്യാപക സംഘടനകളുടെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലും സ്‌കൂൾ പ്രവൃത്തി ദിനത്തിന്‍റെ തീരുമാനവുമായി മുന്നോട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ പരിഷ്‌കാരമായ പ്രവൃത്തി ദിനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ശനിയാഴ്‌ച പ്രവൃത്തി ദിനം ആക്കുന്നതിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്‌ടിഎ അടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ ഏത് അധ്യാപക സംഘടനക്കും അവരുടെ അഭിപ്രായം പറയാമെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഈ ശനിയാഴ്‌ച പ്രവൃത്തി ദിനമായിരുന്നു. ഇനിയൊരു ചർച്ചയില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് സർക്കാർ അധ്യയന ദിനങ്ങളുടെ എണ്ണം തീരുമാനിച്ചത്. തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സന്തോഷമാണെന്നും പാഠ്യേതര വിഷയങ്ങൾക്ക് കോട്ടം തട്ടില്ലെന്നും എതിർപ്പ് പത്രക്കാർക്ക് മാത്രമാണന്നും വകുപ്പിനോട് ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
നിലവിലെ കെഇആർ വ്യവസ്ഥകൾ അനുസരിച്ച് പ്രൈമറിയിൽ 800, ഹൈസ്‌കൂളിൽ 1000, ഹയർ സെക്കൻഡറിയിൽ 1200 മണിക്കൂറുകളാണ് വേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ചുമണിക്കൂർ എന്ന നിലയിൽ 200 പ്രവൃത്തി ദിനങ്ങൾ നിലവിലുള്ളത് കൊണ്ട് തന്നെ ശനിയാഴ്‌ച പ്രവൃത്തി ദിവസം ആക്കേണ്ട സാഹചര്യമില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു.
അധ്യാപക സംഘടനകൾക്ക് വിയോജിപ്പ്: ശനിയാഴ്‌ചകളിൽ ക്ലാസ് നടത്തി 210 അധ്യയന ദിനങ്ങൾ ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇത് വിദ്യാർഥികളുടെ മേൽ അധികഭാരം വരുത്തുമെന്നാണ് അധ്യാപക സംഘടനകളുടെ വാദം. നേരത്തെ 220 എന്നായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ പ്രവേശനോത്സവത്തിന് മുൻപ് അധ്യാപക സംഘടനകൾ സംയുക്തമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചു. പിന്നാലെ 210 ദിവസങ്ങളാക്കി ചുരുക്കുകയായിരുന്നു.
പ്രവേശനോത്സവ ദിവസം വിദ്യാഭ്യാസ മന്ത്രി അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 6 വരെ പ്രവൃത്തി ദിനങ്ങൾ ദീർഘിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഈ തീരുമാനത്തോടും അധ്യാപക സംഘടനകൾക്ക് എതിർപ്പാണ്. കഴിഞ്ഞ ദിവസം ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്‌ടിഎ അടക്കം തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ചർച്ചയിലൂടെയും അധ്യാപക സമൂഹത്തെ വിശ്വാസത്തിൽ എടുത്തുമാണ് നടപ്പാക്കേണ്ടതെന്നും വിവാദങ്ങൾക്ക് ഇട നൽകാതെ ശാസ്‌ത്രീയമായ പഠനങ്ങൾക്ക് വിധേയമായി വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുമായി ചർച്ചചെയ്‌ത് ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രീ പ്രൈമറിയുടെ പ്രവൃത്തി ദിനം സ്‌കൂളുകൾക്ക് തീരുമാനിക്കാം: പ്രീ പ്രൈമറി ക്ലാസുകളിലെ ശനിയാഴ്‌ചത്തെ പ്രവൃത്തി ദിനം വേണോ എന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാം എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ അക്കാദമിക് കലണ്ടർ പ്രീ പ്രൈമറി വിഭാഗത്തിന് ബാധകമല്ല.
എതിർപ്പുമായി സാഹിത്യകാരും: വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ പരിഷ്‌കാരത്തിനെതിരെ സാഹിത്യകാരൻ എൻഎസ് മാധവനും രംഗത്ത് വന്നിരുന്നു. കുട്ടികാലത്തെ പഠനത്തിന്റെ മുഴുവൻ കുത്തക സ്‌കൂളുകളാണെന്ന അബദ്ധ ധാരണയിലാണു നമ്മുടെ വിദ്യാഭ്യാസ വകുപ്പെന്നും പല ശനിയാഴ്‌ചകളിലും സ്‌കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവുസമയങ്ങളിൽ ആർജിക്കുന്ന അറിവ് വളരെ പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കൂടെ വിദേശ രാജ്യങ്ങളിൽ പ്രവൃത്തി ദിനങ്ങളുടെ കണക്കും അദ്ദേഹം കൂട്ടിച്ചേർത്തു.