തിരുവനന്തപുരം:കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ ചങ്ങലയ്ക്ക് ഇടാന്‍ കഴിയുന്നില്ലെങ്കിൽ സിപിഎം പിരിച്ച് വിടണമെന്ന കെ. സുധാകരന്റെ പരാമർശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെയാണോയെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു.
കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്നും വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിയ്ക്ക് എതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂവെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്ന് വന്ന വഴിയും സുധാകരൻ കടന്ന് വന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, മോശം പദപ്രയോഗം നടത്തുക , കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക തുടങ്ങിയ നടപടികളാണ് സമീപകാലത്ത് കോൺഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയമെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി.
ഇത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളി കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിതെല്ലാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂവെന്നും ശിവൻകുട്ടി പറഞ്ഞു. തല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാൻ താത്പര്യമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
കോൺഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാർട്ടിയുടെ ധാർമിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉയർത്തിയ "മാനേജ്മെന്റ് കോട്ട " പരാമർശം ഉയർന്ന് നിൽക്കുന്നതിന് ഇടയിലാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പിണറായി വിജയന് നേരെ രൂക്ഷ വിമർശനം ഉയർത്തുന്നത്.