തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിന്‍റെ പേരില്‍ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമരക്കാരെ നേരിടാന്‍ നിയോഗിച്ച പൊലീസുകാര്‍ ഭൂമിയോളം താഴ്ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കലാപം ലക്ഷ്യമിട്ട് അവരെ ആക്രമിക്കുകയാണ്. തൊപ്പി വലിച്ചെറിയുക, ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് ഒരു സംഘര്‍ഷവും പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. അത്തരത്തിലുള്ള നിര്‍ദേശമാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തുറമുഖത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ട്. നിരവധി തവണയാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അവര്‍ ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ തുറമുഖം അടച്ചു പൂട്ടണമെന്നതൊഴികെ എല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.