തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ മേഖലയിലെ പാഠ്യ പദ്ധതി പരിഷ്‌കരണം (Curriculum Reform In Kerala) യാഥാര്‍ഥ്യമായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ അഭിപ്രായം തേടിയ ശേഷം പാഠ്യ പദ്ധതി രൂപീകരിക്കുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പാഠ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കപ്പെടുന്നത് ഇപ്പോഴാണ്. പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്‍റെ ഭാഗമായി ചിലർ അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിച്ചുവെന്നും എന്നാല്‍ അതില്‍ ഒരു കാര്യവും ഉണ്ടായില്ലെന്നും മന്ത്രി (Minister V Shivankutty On Curriculum Reform) പറഞ്ഞു. സർക്കാരിനെ സംബന്ധിച്ച് ഒന്നും ഒളിക്കാൻ ഇല്ല. എല്ലാം എല്ലാവരോടും ചർച്ച ചെയ്‌താണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യത്തിൽ അടക്കം മികച്ച മുന്നേറ്റമാണ് കേരളം ഇപ്പോൾ കൈവരിക്കുന്നത്. ഏത് സാഹചര്യത്തിലും ഓൺലൈൻ ക്ലാസ് നടത്താൻ വകുപ്പ് ഇന്ന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 1,3,5,7,9 ക്ലാസുകളിലായി 168 പുസ്‌തകങ്ങൾ 2024ൽ പുറത്തിറങ്ങുമെന്നും അതുവരെ വകുപ്പിന് ടെൻഷനാണെന്നും മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരണ ചർച്ചയിൽ ഭാഗമാകാൻ ജനങ്ങൾക്ക് 10 ദിവസം അധികം സമയം അനുവദിക്കുന്നുണ്ടെന്നും പൊതുജനങ്ങളുടെ നിർദേശങ്ങൾ വെബ് സൈറ്റ് മുഖേന അറിയിക്കാമെന്നും മന്ത്രി അറിയിച്ചു.
ഇത്തരമൊരു പാഠ്യപദ്ധതി പരിഷ്‌കരണം ചരിത്രത്തിലാദ്യം :കേരളത്തിന്‍റെ ജനാധിപത്യ മാതൃകയാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പാഠ്യപദ്ധതി ചട്ടക്കൂടെന്ന് മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ജയകുമാർ ഐഎഎസ് പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് അത്ഭുതമാണ് കേരളം. പാഠപുസ്‌തക പരിഷ്‌കരണത്തിനായി വിദ്യാർഥികളുമായും ജനങ്ങളുമായും ചർച്ച നടത്തിയതിന്‍റെ പ്രാധാന്യം ഭാവിയിൽ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ നിന്ന് അടക്കം വിശദീകരണം തേടി പുസ്‌തകം രൂപീകരിക്കുന്നത് ചരിത്രത്തിൽ ആദ്യമെന്നും ജയകുമാർ കൂട്ടിച്ചേര്‍ത്തു.
കേരള പാഠ്യപദ്ധതി ചട്ടക്കൂട് :പാഠപുസ്‌തക പരിഷ്‌കരണത്തിന്‍റെ ഭാഗമായി ജനങ്ങളോടും വിദ്യാർഥികളോടുമായി നടത്തിയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട്. വിദ്യാഭ്യാസ മേഖലയിൽ വരേണ്ട മാറ്റങ്ങളെ കുറിച്ചും ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ചും ജനങ്ങൾ നൽകിയ മറുപടികളാണ് റിപ്പോർട്ടിലുള്ളത്. ക്ലാസ് മുറികളിൽ നിന്നും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയത്.
30 ലക്ഷത്തിലധികം വിദ്യാർഥികളാണ് ചർച്ചകളില്‍ പങ്കെടുത്തത്. സ്‌കൂളിലെ പഠന സമയം, ലിംഗ പഠനത്തിന്‍റെ പ്രാധാന്യം, പരീക്ഷ പരിഷ്‌കരണത്തിന്‍റെ ആവശ്യകത, കലാകായിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി, ഉള്ളടക്കo, തുടങ്ങിയ കാര്യങ്ങളാണ് വിദ്യാർഥികളുടെ ചർച്ചയിൽ കൂടുതലായും ഉയർന്നുവന്നത്. അടിസ്ഥാന വിദ്യാഭ്യാസം പത്താം ക്ലാസ് എന്നതിന് പകരം പ്ലസ് ടു ആവണമെന്നും തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നും നിർബന്ധമായും പഠിക്കേണ്ട വിഷയങ്ങൾ തെരഞ്ഞെടുക്കാനും ഭാഷ കോർ, തൊഴിൽ എന്നിങ്ങനെ ഹയർ സെക്കൻഡറി വിഷയങ്ങൾ വിഭജിക്കണമെന്നും ചട്ടക്കൂട് ശുപാർശ ചെയ്യുന്നുണ്ട്.
വിദ്യാലയത്തിന്‍റെ ഗുണനിലവാരം നടത്തുമ്പോൾ ജെൻഡർ ഓഡിറ്റിങ് ഒരു ഘടകമായി പരിഗണിക്കണം. വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന ലിംഗ നീതി കുടുംബങ്ങളിലും നടപ്പാക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ രീതി മാറണം. പാഠപുസ്‌തകത്തിന് പുറത്തുള്ള അറിവ് നേടാൻ ഐസിടിയെ ഉപയോഗിക്കാൻ വിദ്യാർഥിയെ പ്രാപ്‌തനാക്കുക. ഭാഷ പഠനം, ശാസ്ത്രം, കലാകായികം, ഗണിത, ശാസ്ത്ര, മേഖലകളിൽ ഐസിടിയുടെ പുതിയ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
പാരിസ്ഥിതിക അവബോധനത്തിനായി ജീവജാലങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം, ഇതിൽ മനുഷ്യന്‍റെ പങ്ക് തുടങ്ങിയവയെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണകൾ നൽകുക. ക്ലാസ് മുറികളും പഠന സാമഗ്രികളും അടക്കം വിദ്യാലയ അന്തരീക്ഷം മൂല്യബോധം വളർത്തുന്നതിന് അനുയോജ്യമായി പുനരാവിഷ്‌കരിക്കുക എന്നീ ആശയങ്ങളും മുന്നോട്ടുവയ്‌ക്കുന്നു. ഭരണഘടന മൂല്യങ്ങൾക്ക് പുറമെ ദയ, സ്നേഹം, അനുതാപം, വിശ്വസ്‌തത തുടങ്ങിയ സത്‌ഗുണങ്ങള്‍ വിദ്യാർഥികളില്‍ വളര്‍ത്തിയെടുക്കണം. ഇത്തരത്തിൽ വിവിധ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ചട്ടക്കൂടിൽ പരാമർശിച്ചിരിക്കുന്നത്.
സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിന് പുറമെ പ്രീ പ്രൈമറി വിദ്യാഭ്യാസം അധ്യാപക വിദ്യാഭ്യാസം മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലും പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നുണ്ട്. ഇവ അടിസ്ഥാനമാക്കിയായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍.