തിരുവനന്തപുരം :കടലാക്രമണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഓരോ ജില്ലയിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തതായും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മണിമലയാറിൽ വെള്ളം ഉയരുന്നതാണ് ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളിൽ പ്രധാന പ്രശ്‌നമാകുന്നത്. വിഷയത്തിൽ ഇന്ന് നിയോജക മണ്ഡലങ്ങളിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കടൽ ഭിത്തി നിർമിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തന്നെ സർക്കാർ ഇടപെടൽ ഉണ്ടാകും. സ്‌പിൽവേയുടെ പൊഴി മുറിച്ചതോടെ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയില്ല. ആലപ്പുഴയിൽ നിലവിൽ കുറച്ച് ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ഗുരുതരമായ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാലും ജില്ലയിൽ എല്ലാ ഒരുക്കങ്ങളും സജ്ജമാണ്. ഇന്നലെ ചേർന്ന മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്‌തിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധവുമായി കണ്ണമാലിക്കാർ : കടലാക്രമണത്തെ തുടർന്ന് വിവിധയിടങ്ങളിൽ തീരദേശവാസികളെ ക്യാമ്പുകളിലേക്ക് നേരത്തേ തന്നെ മാറ്റിയിരുന്നു. എന്നാൽ എറണാകുളം കണ്ണമാലിയിൽ ശക്തമായ കടൽഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണമാലി പൊലീസ് സ്റ്റേഷൻ റോഡിൽ കുട്ടികളടക്കമുള്ള തീരദേശവാസികൾ വലിയ പ്രതിഷേധം നടത്തി. ഇന്ന് രാവിലെയായിരുന്നു ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.