മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ തിരുവനന്തപുരം:കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയില്‍. 40 ലക്ഷം ലിറ്റർ വെള്ളം വാട്ടർ അതോറിറ്റി തന്നെ ടാങ്കറുകളിൽ എത്തിച്ചിട്ടുണ്ട്. പാഴൂർ പമ്പ് ഹൗസിലെ മോട്ടോറുകളിലെ തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്ന് തന്നെ രണ്ടാമത്തെ മോട്ടോറും പ്രവർത്തിപ്പിക്കും. ജനങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നത് തുടരും. ചെറിയ ടാങ്കറുകളിൽ ഇടുങ്ങിയ വഴികളിൽ വെള്ളം എത്തിക്കാനുള്ള പ്രവർത്തനം നടക്കുന്നതായും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
തിരുവനന്തപുരം എറണാകുളം മേഖലയിലെ വെള്ളക്കരം പിരിക്കാൻ ഒരു ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. വാട്ടർ അതോറിറ്റി തന്നെയാണ് ആ ചുമതല നിർവഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റോഡുകള്‍ അതേരൂപത്തില്‍ നിര്‍മിച്ചുനല്‍കും:വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കായി മികച്ച റോഡുകൾ വെട്ടിപ്പൊളിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മികച്ച റോഡുകളും വേണം കുടിവെള്ളവും വേണം. അതാണ് സർക്കാരിന്‍റെ നിലപാട്.
വാട്ടർ അതോറിറ്റി വെട്ടിപ്പുളിക്കുന്ന റോഡുകൾ അതേ രൂപത്തിൽ തന്നെ നിർമ്മിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. ഭൂമിക്കടിയിലെ പൈപ്പുകളിലൂടെ വെള്ളം ചോരുന്നത് കണ്ടെത്താനുള്ള സാങ്കേതികവിദ്യ നിലവിൽ വാട്ടർ അതോറിറ്റി വാങ്ങിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു.