തിരുവനന്തപുരം :കരിക്കുലം രൂപകല്‍പ്പനയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത സമീപനം വളര്‍ത്തിയെടുക്കുന്നതില്‍ ഊന്നല്‍ വേണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ കരിക്കുലവും സിലബസും രൂപീകരിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലെ വിടവ് നികത്തുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമ്പോൾ തന്നെ നവസംരംഭകത്വവും നൂതനത്വവും സമ്മേളിക്കുന്ന ജൈവിക വ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതാവണം പുതിയ കരിക്കുലമെന്നും മന്ത്രി നിർദേശിച്ചു. യുജിസിയുടെ പുതിയ ചട്ടമനുസരിച്ച് അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം 4 വർഷത്തിലേക്ക് കടക്കുകയാണ്. ഇതോടെ മറ്റെല്ലാറ്റിനുമൊപ്പം സുപ്രധാന മേഖലകളായി നൈപുണ്യ വികാസവും ലിംഗ നീതിയും പാരിസ്ഥിതിക അവബോധവും ഭരണഘടനയോടുള്ള കൂറും ഏറ്റെടുക്കുന്നുവെന്ന് ഉറപ്പാക്കണം.
മൂന്നാം വർഷത്തോടെ എക്‌സിറ്റ് ഒപ്ഷൻ ലഭ്യമാക്കാം. നാലാം വർഷത്തോടെ ഓണേഴ്‌സ് ബിരുദവും നൽകാം. എന്നാല്‍ പൊതു ചട്ടക്കൂടിനുള്ളിൽ നിലയുറപ്പിച്ച് പരമാവധി പാഠ്യ പദ്ധതി ലക്ഷ്യങ്ങൾ ആർജിക്കാൻ സർവകലാശാലകൾ സ്വയം ഭരണ പദവി ഉപയുക്തമാക്കണം.
കാലത്തിനൊത്ത വഴക്കവും സർഗവൈഭവവും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ ഇന്‍റേണ്‍ഷിപ്പിനും നൈപുണ്യ പരിശീലനത്തിനും കലയ്ക്കും കായിക വിദ്യാമികവിനും ക്രെഡിറ്റ് നൽകപ്പെടണം. പ്രവൃത്തി സമയത്തിലും ലൈബ്രറി, കമ്പ്യൂട്ടർ സൗകര്യം, ലാബുകൾ എന്നിവയ്ക്കുള്ള സമയക്രമത്തിലും നിബന്ധനകളിൽ ഇളവുണ്ടാവണം.
ഫലാധിഷ്‌ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിൽ (ഔട്ട്കം ബെയ്‌സ് എഡുക്കേഷൻ) ഊന്നലോടെ പുതുതലമുറ കോഴ്‌സുകളും വിഷയാന്തര പഠന പദ്ധതികളും തുടങ്ങാനാവണമെന്നും മന്ത്രി നിർദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പ്രതിനിധികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 വിഷയ വിദഗ്‌ധരും ഓൺലൈനിലൂടെ പങ്കെടുത്തു.