തിരുവനന്തപുരം:പ്രണയക്കൊലയും കൊവിഡും ഏൽപിച്ച ആഘാതങ്ങൾക്കിടയിൽ കോളജുകള്‍ പൂര്‍ണമായും തുറക്കുമ്പോൾ ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതല്‍ കോളജുകള്‍ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം.
പ്രണയക്കൊലയും കൊവിഡും വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉല്‍ക്കണ്‌ഠാകരമായ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. ഇത് വിദ്യാര്‍ഥികളുടെ മാനസികനിലയെ ബാധിക്കാം. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിന് ക്യാമ്പസുകളിൽ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കണം. ഇത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് അവലോകന സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം കോളജുകള്‍ പ്രവര്‍ത്തിക്കാനെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ക്യാമ്പസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം. ഇതിനായുള്ള ജാഗ്രതാസമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം.
ക്ലാസ് മുറികളും വിദ്യാര്‍ഥികള്‍ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തിന്‍റെ തുടക്കമെന്നും മന്ത്രി നിര്‍ദേശിച്ചു.