തിരുവനന്തപുരം:കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ മാതൃകാപരമായ നടപടിയെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ സിൻഡിക്കേറ്റ് സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവം; മാതൃകാപരമായ നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു - സ്ഥിരം പ്രിൻസിപ്പൽമാരുടെ നിയമനം
കണ്ണൂർ സർവകലാശാലയിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്ത് സ്ഥിരം പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി യോഗ്യതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചുവെന്നും നിയമസഭയിൽ മന്ത്രി വ്യക്തമാക്കി
ചോദ്യ പേപ്പർ തയ്യാറാക്കുന്നത് മറ്റ് സർവകലാശാലകളിലെ അധ്യാപകരാണ്. അധ്യാപകർ സമർപ്പിക്കുന്ന ചോദ്യ പേപ്പറിന്‍റെ രഹസ്യാത്മകത സംരക്ഷിക്കേണ്ടതിനാൽ അവ പരിശോധിക്കാൻ നിലവിൽ സംവിധാനമില്ല. അക്കാര്യം കൂടി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 90 ശതമാനം സർക്കാർ കോളജുകളിലും സ്ഥിരം പ്രിൻസിപ്പൽമാരുടെ നിയമനം നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. വിസിയുടെ നേതൃത്വത്തിൽ അപേക്ഷകൾ ക്ഷണിച്ച് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി മന്ത്രി മറുപടി നൽകി. പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിനായി മൂന്ന് കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷൻ റിപ്പോർട്ടുകൾ വരുന്ന മുറയ്‌ക്ക് അത് നടപ്പാക്കുമെന്നും പ്രതിപക്ഷം കൂടി സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.