തിരുവനന്തപുരം :വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കര്‍മ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ തൊഴിലിന്‍റെ മഹത്വവും മൂല്യവും വര്‍ധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്‍റെയും തൊഴില്‍ വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളിലെയും തൊഴില്‍ വകുപ്പിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതിക്ക് അന്തിമ രൂപം നല്‍കും. 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പഠനത്തോടൊപ്പം ജോലി എന്നത് സാധ്യമാക്കുന്നതിനായി 'കര്‍മ്മചാരി' പദ്ധതി പ്രഖ്യാപിച്ചിച്ചത്.