തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിൽ പരിശോധന ശക്തമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 45 ദിവസത്തിലൊരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം റോഡുകൾ സന്ദർശിച്ച് പരിശോധന നടത്തുന്ന സംവിധാനം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയറുടെ നേതൃത്വത്തിൽ സ്ഥിരം പരിശോധന സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
ഓഫിസ് ജോലി മാത്രം അല്ല, റോഡുകളിലേക്കും ഉദ്യോഗസ്ഥർ ഇറങ്ങണം. എല്ലാ മാസവും റോഡ് പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഒക്‌ടോബർ 17 മുതൽ ഉദ്യോഗസ്ഥരുടെ സംഘം മാസത്തിലൊരിക്കൽ പരിശോധന നടത്തും. ഇതിന് പുറമെ 45 ദിവസത്തിലൊരിക്കൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘവും റോഡുകളില്‍ പരിശോധന നടത്തും.