തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ധരിപ്പിച്ചതാണെന്നും എന്നാൽ ഇതിന് ശേഷം ഒരു കാര്യവും ഗവർണർ ചോദിച്ചിട്ടില്ലെന്നും നിയമ മന്ത്രി പി രാജീവ്. എല്ലാവരും ഭരണഘടനാനുസൃതമായ ചുമതലകൾ നിർവഹിക്കേണ്ടവരാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (P Rajeev replied to the Governor).
പാർലമെന്‍ററി ജനാധിപത്യത്തിലാണ് നമ്മൾ. ആ അടിസ്ഥാന ശില ഓർക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ സംബന്ധിച്ച് ഇത് പ്രാധാന്യമുള്ളതാണ്. ഭരണഘടനാപരമായ ചുമതലകൾ തങ്ങൾ നിർവഹിച്ചു. ഭരണഘടന വായിച്ചാൽ തന്നെ തീരാനുള്ള പ്രശ്‌നമേയുള്ളൂ. എല്ലാവരും ഭരണഘടനാനുസൃതമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക. ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. രാഷ്ട്രപതിയുടെ നോമിനിയായ ഗവർണർ സംസ്ഥാനത്തിന്‍റെ അധികാരം ഇല്ലാത്ത തലവൻ മാത്രമാണെന്നും പാർലമെന്‍ററി സംവിധാനത്തിൽ യഥാർഥ അധികാരം ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഗവർണർമാർ പ്രവർത്തിക്കേണ്ടത് സർക്കാരിന്‍റെ സഹായത്തോടെയും ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാണ്.
ഗവർണർക്കുള്ള ചുമതല ഭരണഘടനാപരമായ വിഷയങ്ങളിൽ സർക്കാരിന് മാർഗനിർദേശം നൽകുക എന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കോടതി നിരീക്ഷണത്തിന് പിന്നാലെ സുപ്രീം കോടതി 'വിശുദ്ധ പശു' (ഹോളി കൗ) ആണെന്നും കോടതിയുടെ നിരീക്ഷണങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പ്രതികരിച്ചിരുന്നു. സുപ്രീം കോടതി കേരളത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി നിർദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവർണർ പ്രതികരിച്ചിരുന്നു.