കേരളം

kerala

By

Published : Jun 3, 2023, 8:05 PM IST

ETV Bharat / state

ഹരിത കർമ്മ സേനയ്‌ക്കൊപ്പം മാലിന്യം ശേഖരിച്ച് മന്ത്രി പി രാജീവ്; ഗൃഹ സന്ദര്‍ശനം തീവ്ര ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി

കൊച്ചി കളമശ്ശേരിയിലെ വിവിധയിടങ്ങളിലെ വീടുകളിലെത്തി മാലിന്യം ശേഖരിച്ച് മാലിന്യ നിർമാർജന സന്ദേശം കൈമാറി വ്യവസായ മന്ത്രി പി. രാജീവ്.

Minister P Rajeev with Clean Kalamassery Project  Minister P Rajeev  Clean Kalamassery Project  വീടുകള്‍ കയറിയിറങ്ങി  മാലിന്യം ശേഖരിച്ച് മന്ത്രി പി രാജീവ്  മന്ത്രി പി രാജീവ്  കൊച്ചി കളമശ്ശേരി  കളമശ്ശേരി നഗരസഭ  കളമശ്ശേരി ശുചിത്വത്തിനൊപ്പം
മാലിന്യം ശേഖരിച്ച് മന്ത്രി പി രാജീവ്

മാലിന്യം ശേഖരിച്ച് മന്ത്രി പി രാജീവ്

എറണാകുളം:കളമശ്ശേരിയിലെ വീടുകളിൽ നേരിട്ടെത്തി മാലിന്യം ശേഖരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കളമശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായാണ് മന്ത്രിയുടെ വേറിട്ട ഗൃഹ സന്ദര്‍ശനം. ഹരിത കർമ്മ സേനയ്‌ക്കൊപ്പം വീടുകള്‍ തോറും കയറി മന്ത്രി മാലിന്യം ശേഖരിക്കാനെത്തിയത് വീട്ടുകാർക്ക് കൗതുകമായി.

കളമശ്ശേരി നഗരസഭയിലെ തിരുനിലത്ത് ലൈനിലെ വീടുകളിൽ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചാണ് ജനകീയ കാമ്പയിന് മന്ത്രി തുടക്കം കുറിച്ചത്. പുതുശ്ശേരി മല, ഏലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാലൂർ, കുന്നുകര എന്നിവിടങ്ങളിലെ വീടുകളിലാണ് മന്ത്രി നേരിട്ടെത്തിയത്. അതോടൊപ്പം മാലിന്യ നിർമാർജന സന്ദേശം കൈമാറുന്ന മികച്ച ഇടപെടലായി മന്ത്രിയുടെ സന്ദര്‍ശനം മാറുകയും ചെയ്‌തു.

സംസ്ഥാനത്താകെ നടത്തുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'കളമശ്ശേരി ശുചിത്വത്തിനൊപ്പം' പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിന് മുമ്പ് തന്നെ ഈ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ബ്രഹ്മപുരം ഒരു പാഠവും അവസരവുമായി കണ്ടാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.

ബി.പി.സി.എല്ലിന്‍റെ അംഗീകാരം ലഭിച്ചാൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്‍റ് നിർമാണത്തിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിൽ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജനത്തിന്‍റെ ഭാഗമായി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചും നിരന്തരം പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയും നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മണ്ഡലത്തിലെ ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞം നടക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായി സന്ദേശങ്ങൾ കൈമാറുന്നുണ്ട്. കാമ്പയിന്‍റെ ഭാഗമായി ശുചീകരിച്ച സ്ഥലങ്ങളിൽ ഓപ്പൺ ജിം, ഓപ്പൺ പാർക്കുകൾ എന്നിവ ഒരുക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും എൽപി ക്ലാസ് വിദ്യാർഥികളിൽ ചിത്രകലാരൂപത്തിൽ ബോധവത്‌കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഞായർ, തിങ്കൾ ദിവസങ്ങളില്‍ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുകയും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. മണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കർമ്മസേന, കുടുംബശ്രീ, റസിഡന്‍റ്സ് അസോസിയേഷനുകൾ, കോളജ് വിദ്യാർഥികൾ, സന്നദ്ധ സേവ സംഘടനകൾ, വ്യാപാരി വ്യവസായ സംഘടനകൾ, റസ്റ്റോറന്‍റ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയവരുടെയും ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ത്രിദിന ജനകീയ ശുചീകരണ യജ്ഞം നടക്കുന്നത്.

ഞായറാഴ്‌ച പൊതു സ്ഥലങ്ങളിലും വഴിയോരങ്ങളിലുമുള്ള മാലിന്യം നീക്കം ചെയ്‌ത് വൃത്തിയാക്കുന്ന പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം രാവിലെ 8.30ന് കളമശ്ശേരി ചാക്കോളാസ് ജംഗ്ഷനിൽ മന്ത്രി പി.രാജീവ് നിർവഹിക്കും. വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വൃത്തിയാക്കി വീണ്ടെടുത്ത സ്ഥലങ്ങളിൽ തിങ്കളാഴ്‌ച (ജൂൺ 5 ) വൃക്ഷ തൈകളും ചെടികളും നട്ടുപിടിപ്പിക്കും.

ABOUT THE AUTHOR

...view details