തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമവിരുദ്ധമായ രീതിയിലാണ് നിയമിച്ചിരിക്കുന്നതെന്ന പ്രചാരവേല ശക്തമാണെന്ന് നിയമമന്ത്രി പി രാജീവ്. എല്ലാ സർവകലാശാലാ വിസിമാർക്കെതിരെയും ചാൻസലർ സ്വീകരിച്ച സമീപനം ഈ പ്രചാരവേലയ്‌ക്കുള്ള ആയുധമായി ചിലർ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തി. ഡിജിറ്റൽ സർവകലാശാലയിലെയും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെയും വൈസ് ചാൻസലർമാർ ആദ്യത്തേതായത് കൊണ്ട് നിയമപ്രകാരം നിയമനാധികാരം സംസ്ഥാന സർക്കാരിനാണ്.
'വിസിമാരെ നിയമവിരുദ്ധമായി നിയമിക്കുന്നെന്ന പ്രചാരവേല ശക്തം': മന്ത്രി പി രാജീവ് - മലയാളം വാർത്തകൾ
ഇന്ത്യയിലെ പൊതുസ്ഥിതി മറച്ചുവച്ച് നിയമന രീതിയിലെ വ്യത്യസ്‌തത ഇവിടെ മാത്രമാണെന്ന് സ്ഥാപിക്കുന്ന കേരള വിരുദ്ധ പ്രതീതി നിർമാണം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ മാറ്റങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമത്തിന്‍റെ കൂടി ഭാഗമാണെന്ന് മന്ത്രി പി രാജീവ്
ആ നിയമന രീതി കൊണ്ട് ഇവർ അയോഗ്യരാക്കപ്പെടുകയാണെങ്കിൽ പല കേന്ദ്ര സർവകലാശാലകളിലെ നിയമനങ്ങളും റദ്ദാക്കപ്പെടേണ്ടി വരും. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (EFLU) നിയമത്തിലെ സെക്ഷന്‍ 46 പ്രകാരം ആദ്യ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. രാജീവ് ഗാന്ധി കേന്ദ്ര സർവകലാശാലയിലെ സെക്ഷന്‍ നാൽപ്പത്തേഴും സമാനമാണ്. വിസ്‌താര ഭയത്താൽ മറ്റു സർവകലാശാലകളെ സംബന്ധിച്ച് വിശദീകരിക്കുന്നില്ല.
കേരളത്തിൽ മാത്രം എന്തോ അരുതായ്‌ക ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട് എന്ന പ്രചാരവേല ബോധപൂർവമായ പ്രതീതി നിർമാണമാണ്. യുജിസി റെഗുലേഷനിൽനിന്ന് വ്യത്യസ്‌തമായ വൈസ് ചാൻസലർ നിയമന രീതി കേരളമോ മറ്റു സംസ്ഥാനങ്ങളോ ബോധപൂർവം സ്വീകരിച്ചതായി സുപ്രീം കോടതിയും പറഞ്ഞിട്ടില്ല. ഇന്ത്യയിലെ പൊതുസ്ഥിതി മറച്ചുവച്ച് നിയമന രീതിയിലെ വ്യത്യസ്‌തത ഇവിടെ മാത്രമാണെന്ന് സ്ഥാപിക്കുന്ന കേരള വിരുദ്ധ പ്രതീതി നിർമാണം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ മാറ്റങ്ങളെ തമസ്‌കരിക്കാനുള്ള ശ്രമത്തിന്‍റെ കൂടി ഭാഗമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.