സർവകലാശാല നിയമ ഭേദഗതി ബില്‍ തിരുവനന്തപുരം: സർവകലാശാല നിയമ ഭേദഗതി ബില്ലിൽ പ്രതിപക്ഷത്തിനുള്ളത് ചെറിയ വിയോജിപ്പ് മാത്രമെന്ന് നിയമ മന്ത്രി പി രാജീവ്. നിയമസഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയത് നിരുത്തരവാദപരമായ സമീപനമാണ്. പ്രതിപക്ഷത്തിന്‍റെ ഭേദഗതികൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിയമപരമായ പരിമിതിയുള്ളവ മാത്രമാണ് അംഗീകരിക്കാതിരുന്നത്. വിരമിച്ച ജഡ്‌ജിമാരാകാം ചാൻസലർ എന്നത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ വിരമിച്ച ജഡ്‌ജിമാർ മാത്രമാകണം എന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന്' മന്ത്രി അഭിപ്രായപ്പെട്ടു.
വിദഗ്‌ധരെ നിയമിക്കുക ആവശ്യമാണ്. ചാൻസലറെ നിയമിക്കാനുള്ള സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരുന്നതും നിയമ പ്രശ്‌നങ്ങളുണ്ടാക്കും. ഇവയെല്ലാം പരിഗണിച്ചാണ് സർക്കാർ നിലപാടെടുത്തതെന്ന് പി രാജീവ് വ്യക്തമാക്കി.
കോൺഗ്രസിന്‍റെ ഈഗോ കാരണമാണ് ഇത് അംഗീകരിക്കാതിരുന്നത്. പ്രതിപക്ഷം ഇറങ്ങി പോയപ്പോൾ ഉപനേതാവോ മറ്റ് കക്ഷി നേതാക്കളോ സംസാരിച്ചില്ല എന്നത് ശ്രദ്ധേയമാണ്. സഭ പാസാക്കിയ ബിൽ ഗവർണര്‍ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാം. അതെല്ലാം പിന്നീട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.