തിരുവനന്തപുരം: റബ്ബറിന്‍റെ താങ്ങുവില ഉയർത്താൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ്. റബ്ബറിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്‌പന്നങ്ങൾ നമ്മുടെ നാട്ടിൽ ഉത്‌പാദിപ്പിക്കണമെന്നും ഇതിന് സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. റബ്ബർ സൊസൈറ്റി അപ്‌ലോഡ് ചെയ്യുന്ന ബില്ലാണ് സർക്കാരിലേക്ക് എത്തുന്നത്. ഈ ബില്ലിന്‍റെ തുക മുഴുവൻ കൊടുത്തു തീർത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റബ്ബറിന്‍റെ താങ്ങുവില ഉയർത്താൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ല: പി പ്രസാദ് - മന്ത്രി
റബ്ബറിന്‍റെ താങ്ങുവില ഉയർത്താൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെന്നും റബ്ബറിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്‌പന്നങ്ങൾ നാട്ടില്‍ ഉത്‌പാദിപ്പിക്കുമെന്നും സഭയില്‍ വ്യക്തമാക്കി കൃഷി മന്ത്രി പി പ്രസാദ്
2022-23 സാമ്പത്തിക വർഷം ഇക്കഴിഞ്ഞ ഫെബ്രുവരി 16 വരെ റബ്ബർ ബോർഡ് അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിച്ച മുഴുവൻ അപേക്ഷകളിന്മേൽ 33.195 കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. കമ്പോള വില കൂടിനിന്നതാണ് 2021-22 മുതൽ സബ്‌സിഡി ഇനത്തിൽ കർഷകർക്ക് അനുവദിച്ച തുക കുറയാൻ കാരണമെന്നും മന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച 500 കോടിയിൽ എത്ര കോടി രൂപ റബ്ബർ കർഷകർക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ടെന്ന ചോദ്യത്തിന് 33.195 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
റബ്ബറിന്‍റെ താങ്ങുവില 170ൽ നിന്ന് 250 ആയി ഉയർത്തുന്നതിന് കേന്ദ്രസഹായം കൂടി ലഭ്യമാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തോട് നിരവധി തവണ സഹായം അഭ്യർഥിച്ചിട്ടുണ്ട്. കേന്ദ്രം സഹായം ലഭ്യമാക്കുന്ന മുറയ്ക്ക് താങ്ങുവില ഉയർത്താനാകും. ആറുമാസമായി റബ്ബർ കർഷകർക്ക് കുടിശിക നൽകിയിട്ടില്ലെന്ന വാദത്തോട്, ആ കണക്ക് എവിടെ നിന്നാണെന്ന് തനിക്ക് ഒരു ധാരണയുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മാത്രമല്ല റബ്ബറിൽ നിന്നുള്ള മൂല്യവർധിത ഉത്‌പന്നങ്ങൾ നമ്മുടെ നാട്ടിൽ ഉത്‌പാദിപ്പിച്ച് റബ്ബർ കർഷകരെ സഹായിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.