തിരുവനന്തപുരം: കുതിരാന്‍ തുരങ്കം തുറന്നതുമായി ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടീം ആയാണ് പ്രവര്‍ത്തനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് ജോലി ഇല്ലാത്തവര്‍ എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കി സജീവമായി നില്‍ക്കാനാണ് ശ്രമിക്കുന്നത്. അടുത്ത ടണല്‍ തുറക്കാനുള്ള പ്രവര്‍ത്തനം മാത്രമാണ് ഇനിയുള്ള ലക്ഷ്യമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിവാദം പിടിവിടാതെ കുതിരാൻ
നിർമാണം ആരംഭിച്ചതുമുതൽ നിരവധി വിവാദങ്ങൾക്ക് വഴിവച്ച കുതിരാൻ തുരങ്കത്തിന്‍റെ ഉദ്ഘാടന വേളയിലും വിവാദം പിന്തുടർന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നത്. ഉദ്ഘാടന ദിവസം ഉച്ച കഴിഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉദ്ഘാടനത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്യുമ്പോഴാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനത്തെ കുറിച്ചറിയുന്നത്. ഉദ്ഘാടന ദിവസം വൈകിട്ട് വരെ സംസ്ഥാന സർക്കാരിന് അറിയിപ്പുകൾ ഒന്നും ലഭിച്ചതുമില്ല.
ചടങ്ങുകളോ ജനപ്രതിനിധികളോ ഇല്ലാതെയാണ് 2016 മെയ് 13ന് നിർമാണം ആരംഭിച്ച ഇരട്ടക്കുഴൽ തുരങ്കത്തിന്‍റെ ഉദ്ഘാടനം നടന്നത്. കുതിരാൻ മല നിൽക്കുന്ന പാണഞ്ചേരി പഞ്ചായത്തിന്‍റെ പ്രസിഡന്‍റോ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജനോ പോലും ചടങ്ങിൽ പങ്കെടുക്കില്ല. കലക്‌ടറുടെ നേതൃത്വത്തിലാണ് തുരങ്കത്തിന്‍റെ ഉദ്ഘാടനം നടന്നത്. തുരങ്കം തുറന്നുകൊടുക്കുമെന്ന് സംസ്ഥാന മന്ത്രിമാർ പ്രഖ്യാപിച്ച് ഓഗസ്റ്റ് 1ന്‍റെ തലേന്നാണ് തുരങ്കം ജൂലൈ 31ന് തുറക്കുമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തത്. ജില്ല കലക്‌ടർക്ക് പോലും വളരെ വൈകിയാണ് അറിയിപ്പ് ലഭിച്ചത്.