തിരുവനന്തപുരം :ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ളവരുടെ അധ്യയനം ഈ മാസം 14ന് പുനരാരംഭിക്കും. ഇതിന് മുന്നോടിയായി പുതുക്കിയ മാർഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പൊതു പരീക്ഷകളും മോഡൽ പരീക്ഷകളും യഥാസമയത്ത് തന്നെ നടക്കും.
ക്ലാസുകളുടെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല. മാർഗരേഖയിൽ ഇവയെല്ലാം വിശദമാക്കും. പൊതു പരീക്ഷകൾക്കും മോഡൽ പരീക്ഷകൾക്കും മാറ്റം ഉണ്ടാകില്ല. ഇവ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ALSO READ:മീഡിയവൺ സംപ്രേഷണ വിലക്ക് ഹൈക്കോടതി ശരിവച്ചു
90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് അഞ്ചു കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും, ഒരു സ്‌കൂൾ കെട്ടിടത്തിൽ മൂന്ന് കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും, ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചെലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.
ഫെബ്രുവരി പത്താം തീയതി രാവിലെ 11:30ന് തിരുവനന്തപുരം അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചൽ ഗവൺമെന്‍റ് വി.എച്ച്.എസ്.സിയിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക.