തിരുവനന്തപുരം:മറ്റു മന്ത്രിമാരെ അധിക്ഷേപിക്കുന്നതിന്‍റെ കാരണം പ്രതിപക്ഷ നേതാവിന് സ്വന്തം പാർട്ടിയിൽ നിന്നും അംഗീകാരം കിട്ടാത്തതിന്‍റെ ഈഗോയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി ഡി സതീശന്‍റെ മാനേജ്‌മെന്‍റ് കോട്ട പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് പിൻവാതിലിലൂടെയാണ് സ്ഥാനത്തെത്തിയതെന്നും അദ്ദേഹത്തിന്‍റെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ടയാണ് പ്രതിപക്ഷ നേതാവിന്‍റേതെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്.
ബിജെപിയുമായി അന്തർധാരയുള്ള വി ഡി സതീശൻ പ്രസ്ഥാനത്തോട് രാഷ്‌ട്രീയ വഞ്ചന കാണിക്കുകയാണ്. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷതയെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് വി ഡി സതീശന്‍റേതെന്ന് റിയാസ് കുറ്റപ്പെടുത്തി. ഫോട്ടോഷൂട്ട് പരിപാടി നടത്തുക എന്നതല്ലാതെ ബിജെപിക്കെതിരെ യാതൊരുവിധ പ്രതിഷേധങ്ങളും ഉയർത്തുന്നില്ല.
രാഷ്‌ട്രീയ ജീവിതത്തിന്‍റെ ഭാഗമായി ജയിൽവാസം പോലും അനുഭവിക്കാത്ത പ്രതിപക്ഷ നേതാവിന് രാഷ്‌ട്രീയ ത്യാഗം എന്തെന്ന് പോലും അറിയില്ല. ബിജെപി ആഗ്രഹിക്കുന്നതുപോലെ കേരളം നിയമസഭയെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിൻറെ നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.