തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ അസ്വാഭാവികത എന്താണെന്നും വ്യാജ ഐഡി കാർഡ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബോധപൂർവ്വം ഇങ്ങനെയൊരു സ്ഥിതി ഉണ്ടാക്കിയതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് (Minister Riyas on Rahul Mamkootathil's arrest ). തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാതിരുന്നത് ബോധപൂർവ്വമാണ്.
എവിടെ നിന്നെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ട് അതിലൂടെ താരപരിവേഷം സൃഷ്‌ടിക്കാനുള്ള ശ്രമമാണ് നടന്നത്. അതിനുവേണ്ടി വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസ് അവരുടെ ജോലി ചെയ്‌തു. എന്നാൽ കോൺഗ്രസിന്‍റെ ചില നേതാക്കളും ചില മാധ്യമങ്ങളും കൂടി നടത്തിയ പ്ലാൻ കൂടി ഇതിന്‍റെ പിന്നിലുണ്ട്. ബോധപൂർവ്വമായ അജണ്ടയോടെയാണ് ആ പ്ലാൻ നടന്നത്. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്ന് ആർക്കാണ് അറിയാത്തതെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ചോദിച്ചു.