തിരുവനന്തപുരം : സംസ്ഥാനത്തെ പാലങ്ങൾക്ക് കീഴിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി സർക്കാർ. വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഇത്തരം സ്ഥലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു (The Vacant Places Under The Bridges Will Benefits for peoples). ഇത്തരം സ്ഥലങ്ങളിൽ വയോജന കേന്ദ്രം, ടർഫ് പോലുള്ളവയാണ് നിർമിക്കുക.
ഇതിലൂടെ ഇവിടങ്ങളിലൂടെയുള്ള ലഹരി സംഘങ്ങളുടെ പ്രവർത്തനവും നിർത്തലാക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ കൊല്ലം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഇത്തരം സ്ഥലങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
സംസ്ഥാന സർക്കാർ 5116 കിലോമീറ്റർ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. പതിനാറായിരത്തിലധികം റോഡുകൾ ബി ആന്‍റ് സി റോഡുകൾ ആക്കിയെന്നും മന്ത്രി വ്യക്തമാക്കി. റണ്ണിങ് കോൺട്രാക്‌ട് ഏർപ്പെടുത്തിയതോടെ റോഡുകളുടെ പരിപാലനം നല്ല നിലയിൽ നടക്കുന്നുണ്ട്.