തിരുവനന്തപുരം:കാര്യവട്ടത്ത് നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കൂട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് തദ്ധേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. കോര്‍പ്പറേഷനും ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. വിനോദ നികുതി സര്‍ക്കാര്‍ കുറയ്‌ക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്ക്രറ്റ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കെസിഎയുമായി സര്‍ക്കാരിന് ശത്രുത സമീപനമില്ല. 24 മുതല്‍ 50 ശതമാനം വരെ വിനോദ നികുതി പിരിക്കാം.
കെസിഎയുടെ ആവശ്യപ്രകാരമാണ് നികുതി 12 ശതമാനമായി കുറച്ചത്. നേരത്തെ വിനോദ നികുതി 5% ആക്കിയത് പ്രത്യേക സാഹചര്യം പരിഗണിച്ചാണ്. എന്നാൽ ഇത്തവണ മീറ്റിങ്ങിൽ 12 ശതമാനത്തിൽ നിന്ന് നികുതി കുറക്കാൻ കെസിഎ ആവശ്യപ്പെട്ടിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനവിനെ സംബന്ധിച്ച് കെസിഎ ഭാരവാഹികളുമായി കൂടിക്കാഴ്‌ച ഉണ്ടെന്നും മന്ത്രി അറിയിച്ചു.