തിരുവനന്തപുരം : ബ്രഹ്മപുരം തീപിടിത്ത വിഷയത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ(എന്‍ജിടി)ഉത്തരവ് ഗൗരവത്തോടെ കാണുന്നതായും അതിനെ മാനിക്കുന്നതായും തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം നഗരസഭയാണ് തീരുമാനിക്കേണ്ടത്. വിശദമായി ഉത്തരവ് പഠിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കൊച്ചിയിലെ മാലിന്യ പ്രശ്‌നം ഏതാനും ദിവസം കൊണ്ടുണ്ടായതല്ല. ഒരു ദശകമായി രൂപപ്പെട്ടതാണ്. 2009ല്‍ എല്‍ഡിഎഫ് ഭരണ കാലത്ത് സീറോ വേസ്‌റ്റ് നഗരസഭയ്ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ അവാര്‍ഡ് ലഭിച്ച കോര്‍പറേഷനാണത്' - മന്ത്രി പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തില്‍ മന്ത്രി :'2010ല്‍ വന്ന യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് 2012ലാണ് കോര്‍പറേഷന്‍റെ പണം ഉപയോഗിച്ച് ബ്രഹ്മപുരത്ത് സ്ഥലം ഏറ്റെടുത്ത് ചുറ്റുമുള്ള നഗരസഭകളിലെ മാലിന്യം കൂടി അവിടെ സംഭരിക്കാന്‍ തീരുമാനിച്ചത്. അക്കാലത്ത് ഗ്രീന്‍ ട്രിബ്യൂണല്‍ കോര്‍പറേഷന് പിഴയിട്ടതാണ്. അന്ന് ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത് കണ്ടില്ല' - എം ബി രാജേഷ് അഭിപ്രായപ്പെട്ടു.
'അന്ന് എന്‍ജിടി ഉത്തരവ് നടപ്പാക്കുന്നതില്‍ യുഡിഎഫ് ഭരണ സമിതിക്ക് വീഴ്‌ചയുണ്ടായി. ഉത്തരവ് നടപ്പാക്കുന്ന അജണ്ട 23 തവണ മാറ്റിവച്ചു. മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
മാലിന്യ പ്ലാന്‍റിനെതിരെയല്ല, മാലിന്യ പ്ലാന്‍റിന് വേണ്ടിയാണ് സമരം ചെയ്യേണ്ടത്. സര്‍ക്കാര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും മാലിന്യ സംസ്‌കരണത്തില്‍ ഉത്തരവാദിത്വമുണ്ട്. മെയ് 31നുള്ളില്‍ സംസ്ഥാനത്ത് 10 ദ്രവ മാലിന്യ പ്ലാന്‍റുകള്‍ സര്‍ക്കാര്‍ സ്ഥാപിക്കും' - അദ്ദേഹം അറിയിച്ചു.