തിരുവനന്തപുരം : സംസ്ഥാനത്തെ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. മാധ്യമങ്ങളില്‍ പലരും അധികാരത്തിന്‍റെ ആര്‍പ്പുവിളി സംഘങ്ങളായി മാറാന്‍ വ്യഗ്രത കാണിക്കുന്നെന്നും അക്ഷരാര്‍ഥത്തില്‍ തുറുങ്കിനും തോക്കിനുമിടയിലെ നേരിയ നൂൽപ്പാലത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഇപ്പോള്‍ കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു. പലപ്പോഴും ദേശീയ തലത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല.
ദേശീയ പ്രശ്‌നങ്ങളില്‍ നിന്നും കേരളത്തിലെ മാധ്യമങ്ങള്‍ സുരക്ഷിതമായ അകലം പാലിക്കുന്നു. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഇന്ന് നേരിടുന്നത് ഒറ്റപ്പെട്ട വെല്ലുവിളിയല്ലെന്നും അത്യന്തികമായി ജനാധിപത്യത്തിന് തന്നെ നേരിടുന്ന വെല്ലുവിളിയാണെന്നും എം ബി രാജേഷ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്‍റെ ഏറ്റവും ഉയർന്ന വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതേ ജനാധിപത്യ പ്രതിസന്ധി മാധ്യമ രംഗത്തും പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതും എങ്ങനെ അതിനെ അഭിസംബോധന ചെയ്യുന്നുവെന്നതും പ്രധാനമാണ്.