തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കാര്യാലയത്തിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.
മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും - മന്ത്രിയുടെ മൊഴി
യു.എ.ഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.
നികുതി ഇളവിലൂടെ കോൺസുലേറ്റ് വഴി മത ഗ്രന്ഥം ഇറക്കുമതി ചെയ്‌തത് വിദേശ വിനിമയ നിയന്ത്രണ നിയമങ്ങളുടെ ലംഘനമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. ഇത്തരത്തിൽ മതഗ്രന്ഥം ഇറക്കുമതി ചെയ്‌തതിലെ മന്ത്രിയുടെ പങ്ക് സംബന്ധിച്ചാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ടും സമാനമായ ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം മന്ത്രി കെ.ടി ജലീലിൻ്റെ പേരിൽ മത ഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാത്ത സാഹചര്യത്തിൽ അന്വേഷണം പ്രതികൂലമായി ബാധിക്കില്ലെന്നാണ് നിയമ വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നത്. കോൺസുലേറ്റ് ആവശ്യപ്പെട്ടത് പ്രകാരം മതഗ്രന്ഥ വിതരണത്തിന് സാഹായിക്കുക മാത്രമാണ് ചെയ്‌തത്. ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമാണെന്നാണ് വിലയിരുത്തൽ.
എന്നാൽ നിയമ ലംഘനത്തിൽ മന്ത്രിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് നേരിട്ട് വിളിച്ച് വരുത്തി മൊഴിയെടുക്കുന്നത്. നേരത്തെ എൻ.ഐ.എയും, എൻഫോഴ്സ്മെൻ്റും മന്ത്രിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, സ്വർണക്കടത്ത് കേസുകളിൽ മന്ത്രിയുടെ പങ്കായിരുന്നു ഇരു ഏജൻസികളും പരിശോധിച്ചത്. എന്നാൽ മന്ത്രി കെ.ടി.ജലീലിൻ്റെ പങ്ക് സംബന്ധിച്ച് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയെ വിട്ടയച്ചത്