തിരുവനന്തപുരം: സംസ്ഥാനം പാലുത്‌പാദനത്തിൽ സ്വയം പര്യാപ്‌തത നേടിയതായി മന്ത്രി കെ. രാജു. ഈ സാമ്പത്തിക വർഷം ജനുവരി വരെയുള്ള കണക്കു പ്രകാരം മിൽമ പ്രതിദിനം സംഭരിച്ചത് 13.30 ലക്ഷം ലിറ്റർ പാലാണ്.
സംസ്ഥാനം പാലുത്‌പാദനത്തിൽ സ്വയം പര്യാപ്‌തത നേടി: മന്ത്രി കെ.രാജു - minister k.raju
മലപ്പുറത്തെ മൂർക്കനാട് എന്ന സ്ഥലത്ത് പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി ആരംഭിക്കാൻ മിൽമ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പ്രതിദിന വിപണനം 12.25 ലക്ഷം ലിറ്റർ മാത്രമാണ്. ശരാശരി 97,000 ലിറ്ററിന്‍റെ വർധനവാണ് രേഖപ്പെടുത്തുന്നത്. അധികമായി സംഭരിക്കുന്ന പാൽ പ്രയോജനപ്പെടുത്തുന്നതിനായി മലപ്പുറത്തെ മൂർക്കനാട് എന്ന സ്ഥലത്ത് പാൽപ്പൊടി നിർമ്മാണ ഫാക്‌ടറി ആരംഭിക്കാൻ മിൽമ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പാൽ സംഭരിക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൊതുമേഖലയിൽ പാൽപ്പൊടി നിർമാണ ഫാക്‌ടറി ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫാക്‌ടറി തുടങ്ങുന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ സ്വീകരിക്കാൻ കഴിയുമെന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മിൽമയുടെ വിറ്റുവരവ് 15 ശതമാനത്തോളം വർധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിപണിയിൽ മിൽമ കടുത്ത മത്സരമാണ് നേരിടുന്നത്. കൂടുതൽ ദിവസം ചീത്തയാകാതെ ഉപയോഗിക്കാവുന്ന പാൽ എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന ചില സ്വകാര്യ ബ്രാൻഡുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇവയിലെ പ്രിസർവേറ്റീവിന്‍റെ അളവ് പരിശോധിക്കുന്നതിലും നടപടിയെടുക്കുന്നതിലും പരിമിതികളുണ്ടെന്നും മന്ത്രി പറഞ്ഞു.