കേരളം

kerala

ETV Bharat / state

രണ്ട് മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ - സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍

മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്‌പെക്‌ടര്‍മാരുടെ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മരുന്നെത്തിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

minister kk shailaja  മന്ത്രി കെ.കെ.ശൈലജ  ആരോഗ്യമന്ത്രി  മരുന്ന് സ്റ്റോക്ക്  സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍  drugs
രണ്ട് മാസത്തെ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് മന്ത്രി കെ.കെ.ശൈലജ

By

Published : Apr 8, 2020, 8:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതാണ് ഇക്കാര്യം. അതിനാല്‍ തന്നെ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, സ്‌ട്രോക്ക്, വിവിധ ശസ്‌ത്രക്രിയകള്‍ തുടങ്ങി സ്ഥിരമായി കഴിക്കുന്ന മുപ്പതോളം മരുന്നുകള്‍ വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

മരുന്നുകളുടെ കുറവുണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂര്‍ ജില്ലകളിലാണുള്ളത്. ഇവിടെ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങള്‍ മാറ്റി, മരുന്ന് കൊണ്ടുപോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികള്‍ മരുന്ന് കൊണ്ടുപോകുന്നത് കൊറിയര്‍ സേവനം വഴിയാണ്. ആ പ്രശ്‌നവും പരിഹരിച്ചു.

കാസര്‍കോട് ജില്ലയില്‍ കൊറിയര്‍ എത്താന്‍ സാധിക്കാത്തതിനാല്‍ പകരം വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ സ്വകാര്യ ബസ് മുഖേനയാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. അതിന് തടസം വന്നപ്പോള്‍ മണ്ണാര്‍ക്കാട്ട് നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിക്കുന്നുണ്ട്. മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്‌പെക്‌ടര്‍മാരുടെ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മരുന്നെത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്‍റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്പറിലേക്കും മരുന്നുകൾക്കായി ബന്ധപ്പെടാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details