തിരുവനന്തപുരം : നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് മുമ്പ് കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഓഫിസിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി(Minister KB Ganesh Kumar).
നഷ്‌ടത്തിലുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതില്‍ ജനപ്രതിനിധികള്‍ തന്നോട് പരിഭവിക്കരുതെന്ന് മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി ഒഴികെ മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ സര്‍വീസുകള്‍ നിലനിര്‍ത്തും. കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു (KSRTC).
വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകുമെന്നും തുടര്‍ന്നുവരുന്ന മുറുക്കാൻ കട സാമ്പത്തിക ശാസ്‌ത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞു. നഷ്‌ടത്തിൽ ഓടുന്ന സർവീസുകളുടെ സമയക്രമമാണ് കുഴപ്പമെങ്കിൽ അത് പരിഹരിക്കും. ആദിവാസ മേഖല, പട്ടിക ജാതി- പട്ടിക വർഗ കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ നിർത്തില്ല. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളിലെ റസ്റ്റോറന്‍റുകൾക്ക് ക്ലാസിഫിക്കേഷൻ നടപ്പാക്കും.
സിനിമ തിയേറ്ററുകളിൽ ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തിയ രീതിയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇനിമുതൽ ശുചിമുറികളുള്ള റസ്റ്റോറന്‍റുകളിൽ മാത്രമേ ദീർഘയാത്ര ബസുകൾ നിർത്തുകയുള്ളൂ. ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്കാരം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിനുവേണ്ടി തയ്യാറാക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും അനുവാദം നൽകിയാൽ അവ നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസി എല്ലാ യൂണിയനുകളുമായും സഹകരിച്ച് മുന്നോട്ട് പോകും. കെഎസ്ആർടിസി ഡിപ്പോകളിലെ ശുചിമുറികൾ നവീകരിക്കും. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും അതീവ ജാഗ്രതയുണ്ടാകും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് എടുത്ത പലർക്കും ശരിയായ രീതിയില്‍ വാഹനം ഓടിക്കാനോ പാര്‍ക്ക് ചെയ്യാനോ അറിയില്ലെന്നും മന്ത്രി പറഞ്ഞു (KB Ganesh Kumar About KSRTC).