തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നതുകൊണ്ട് തൃശൂരിനുണ്ടായ മെച്ചം അവിടുത്തെ തട്ടുകടക്കാർക്കും കച്ചവടക്കാർക്കും ഭക്ഷണം കൊടുക്കുന്നവർക്കും ഹോട്ടലുകാർക്കും നല്ല കച്ചവടം ഉണ്ടായി എന്നത് മാത്രമാണെന്ന് പരിഹസിച്ച് മന്ത്രി കെ രാജൻ. തൃശൂർ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് മോദി വന്നത് (Minister K Rajan slashed against PM). വനിത സംവരണ ബിൽ 2024ലെ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാനുള്ള ചങ്കൂറ്റം മോദിക്കുണ്ടോയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ചോദിച്ചു.
കേരളത്തിൽ പ്രധാനമന്ത്രി വന്നിട്ട് കേരളത്തിന് അനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടായോ? കഴിഞ്ഞ ഏഴര വർഷക്കാലത്തിനിടയിൽ 1,07,532 കോടി രൂപ കേരളത്തിന്‍റെ വിഹിതത്തിൽ നിന്ന് റദ്ദ് ചെയ്‌തു. തിരിച്ചുകൊടുക്കാമെന്ന് മോദിയുടെ ഗ്യാരണ്ടി ഉണ്ടായോയെന്നും, ഈ രണ്ടര വർഷക്കാലത്തിനിടയിൽ 57632 കോടി രൂപ പല കാരണങ്ങളാൽ ഒഴിവാക്കി. അത് തിരിച്ചുകൊടുക്കാമെന്ന ഗ്യാരണ്ടി ഉണ്ടയോ എന്നും മന്ത്രി ചോദിച്ചു. മോദിയുടെ ഗ്യാരണ്ടിയെല്ലാം വാക്കുകളിൽ അവസാനിക്കുകയാണ്. മണിപ്പൂരിനെ കുറിച്ച് എന്തെങ്കിലും ഒരു വാക്കു പറയുമെന്ന് സ്ത്രീകളെങ്കിലും പ്രതീക്ഷിച്ചു കാണും (Challenges Modi to implement Women Reservation).
വടക്കുംനാഥന് മുന്നിലെ എല്ലാ ജഡകളും മുറിച്ചു. വരും ദിവസങ്ങളിൽ ഇത് ചർച്ച ചെയ്യപ്പെടും. തൃശൂർ പൂരത്തെക്കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല (Modi's Visit Kerala). ഒരു കേന്ദ്രത്തിനും ഒരു സംഘാടനത്തിനും പ്രശ്‌നമുണ്ടാകില്ല. ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ഗംഭീരമായി തൃശൂർ പൂരം നടക്കും. മോദി കേരളത്തിൽ വന്നപ്പോൾ കേരളത്തിനോ തൃശൂരിനോ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് കേരളത്തിലാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണം വാസ്‌തവ വിരുദ്ധമാണെന്നും കെ രാജൻ പറഞ്ഞു. മൈക്കും കുഴലും കിട്ടിയാൽ എന്തും പറയാം എന്ന് വിചാരിക്കരുത്, ആൾക്കൂട്ടത്തിന്‍റെ കയ്യടി കിട്ടാൻ ചിലർ എന്തും പറയും എന്നും മന്ത്രി പറഞ്ഞു.